
ലോകവ്യാപകമായി ബാധിച്ച കോവിഡ് പ്രതിസന്ധിക്കിടയിലും ഇക്കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുണ്ടായ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ(എഫ് ഡി ഐ) 13 ശതമാനം ഉയർച്ച രേഖപ്പെടുത്തി. യുഎസ്,യുകെ, റഷ്യയടക്കമുള്ള വൻ സാമ്പത്തിക ശക്തികൾക്ക് എഫ് ഡി ഐയിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

ഡിജിറ്റൽ മേഖലയിലേക്കെത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. 5700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് പോയവർഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം. റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയോ എന്നിവയിലേക്ക് ഫേസ്ബുക്കടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധനനിക്ഷേപമാണ് ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത്. അതേസമയം ആഗോളതലത്തിൽ എഫ് ഡി ഐയിൽ 42 ശതമാനം ഇടിവ് രേഖപ്പെടുത്തി. 80,900 കോടി ഡോളറാണ് 2020ൽ ആഗോളതലത്തിലുണ്ടായ നേരിട്ടുള്ള വിദേശ നിക്ഷേപം. എന്നാൽ 2019 ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു.2008-09 ഈ കാലയളവിലാണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ പ്രകടമായതിനേക്കാൾ 30 ശതമാനത്തിലധികം താഴെയാണ് പോയവർഷം രേഖപ്പെടുത്തിയ ആഗോള എഫ്ഡിഐ. വികസിത രാജ്യങ്ങളിലാണ് ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തിയത്. ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബൽ ഇൻവെസ്റ്റ്മെൻറ് ട്രേഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.