Auto
Trending

ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി ഫോര്‍ഡ്

ഇന്ത്യയില്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍നിന്ന് പിന്മാറി അമേരിക്കന്‍ കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ്. കമ്പനിയുടെ ഇന്ത്യന്‍ മാനേജ്‌മെന്റ് ചെന്നൈയിലെ നിര്‍മാണശാലയിലെ ജീവനക്കാരെ അറിയിച്ചതാണിക്കാര്യം.ആഗോള വിപണിക്കായി പി.എല്‍.ഐ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതവാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. ഇതനുസരിച്ച് വൈദ്യുതവാഹനമേഖലയില്‍ ഉത്പാദന അനുബന്ധ പദ്ധതിയില്‍ (പി.എല്‍.ഐ.) സര്‍ക്കാര്‍ അംഗീകരിച്ച 20 കമ്പനികളുടെ പട്ടികയില്‍ ഫോര്‍ഡും ഉള്‍പ്പെട്ടിരുന്നു.പുതിയ സാഹചര്യത്തില്‍ പി.എല്‍.ഐ. പദ്ധതിയില്‍നിന്ന് കമ്പനി പിന്മാറും.പി.എല്‍.ഐ. പദ്ധതിയില്‍ ഫോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചതിന് സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും ഫോര്‍ഡ് ഇന്ത്യ വക്താവ് അറിയിച്ചു. എന്നാല്‍, വിശദമായ അവലോകനത്തില്‍ കമ്പനി ലക്ഷ്യമിട്ടരീതിയില്‍ പദ്ധതി വിജയകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് അറിയുന്നത്.ഈ സാഹചര്യത്തില്‍ ഗുജറാത്തിലെ സാനന്ദിലെയും ചെന്നൈയിലെയും നിര്‍മാണശാലകള്‍ വില്‍ക്കാനുള്ള ആദ്യതീരുമാനവുമായി മുന്നോട്ടുപോകും. ഇരുഫാക്ടറികളിലെയും ഉത്പാദനം നിലവില്‍ കമ്പനി നിര്‍ത്തിയിട്ടുണ്ട്.ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഇതിന്റെപേരില്‍ വലിയവിമര്‍ശനം നേരിടേണ്ടതായും വന്നിരുന്നു.

Related Articles

Back to top button