
ഇന്ത്യൻ പ്രീമിയം എസ്‌യുവി വിപണിയിലെ കരുത്തനായ മത്സരാർത്ഥിയാണ് ഫോർഡ് എൻഡേവർ. കെട്ടിലും മട്ടിലും പുതിയ ഭാവവുമായെത്തുന്ന എൻഡേവർ സ്പോട്ട് എഡിഷന്റെ വരവറിയിക്കുന്ന ടീസർ ഫോർഡ് പുറത്തുവിട്ടു. ഈ വാഹനം ദിവസങ്ങൾക്കുള്ളിൽ നിരത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സ്പോർട്ടി എഡിഷൻ എൻഡേവറിനായുള്ള അനൗദ്യോഗിക ബുക്കിംങ് ഡീലർ ഷോപ്പുകളിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 50,000 രൂപയാണ് അഡ്വാൻസ് തുകയായി ഈടാക്കുന്നത്.

എൻഡേവറിന്റെ ഉയർന്ന വകഭേദമായ ടൈറ്റാനിയം പ്ലസാണ് ഈ പുതിയ ഭാവത്തിലെത്തുന്നത്. സ്പോർട്ടി ഭാവമൊരുക്കുന്നതിനായി എക്സ്റ്റീരിയർ ഡിസൈനിൽ മാറ്റം വരുത്തിയിരിക്കുന്ന സ്പോട്ട് എഡിഷന്റെ റെഗുലർ മോഡലിന് 34.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വാഹനത്തിൻറെ പരീക്ഷണയോട്ട ചിത്രങ്ങൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഗ്രില്ല്, ഫെൻഡർ വെന്റ്, മുന്നിലെയും പിന്നിലെയും ബംബർ, റിവ്യൂ മിറർ, റൂഫ് റെയിൽ, ടെയിൽ ഗേറ്റ്, അലോയ് വീൽ, തുടങ്ങിയവയിൽ ബ്ലാക്ക് ആവരണം നൽകിയാണ് മാറ്റം വരുത്തിയിരിക്കുന്നത്. അടുത്തിടെയാണ് ഫോർഡ് എൻഡേവർ ബി എസ് 6 നിലവാരത്തിലുള്ള എൻജിനിലേക്ക് മാറിയത്. ഇതേ എൻജിൻ തന്നെയാണ് ഈ പുതിയ വാഹനത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 170 പിഎസ് പവറും 420 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഡോറുകളിലും ടെയിൽ ഗേറ്റിലും സ്പോട്ട് ബാഡ്ജിങ് നൽകിയിട്ടുണ്ട്. എട്ടിഞ്ച് ഇഫോടെൻമെൻറ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഫിനിഷിങിൽ ഒരുക്കിയിരിക്കുന്ന ഡാഷ്ബോർഡ് തുടങ്ങിയവയാണ് ഇൻറീരിയറിലെ ഫീച്ചറുകൾ.