
പൂർണമായും ലയിപ്പിച്ച അടിസ്ഥാനത്തിൽ 1,500 കോടി രൂപയ്ക്ക് ആദിത്യ ബിർള ഫാഷൻ ആന്റ് റീട്ടെയിൽ (എബിഎഫ്ആർഎൽ)ന്റെ 7.8 ശതമാനം ഓഹരി ഫ്ലിപ്കാർട്ട് സ്വന്തമാക്കാൻ പോകുന്നുവെന്ന് റെഗുലേറ്ററി ഫയൽ ആദിത്യ ബിർള ഫാഷൻ അറിയിച്ചു. പുതുതായി ലഭിക്കുന്ന ഈ വരുമാനം കമ്പനിയുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിനും കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഉപയോഗിക്കും.

ഓരോ ഷെയറിലും 205 രൂപ എന്ന നിലയിലാണ് എബിഎഫ്ആർഎൽ 1,500 കോടി രൂപ സമാഹരിക്കുന്നത്. വ്യാഴാഴ്ചത്തെ ക്ലോസിങ് വിലയായ 153.40 രൂപയെക്കാൾ 33.63 ശതമാനം ഉയർന്നതാണിത്. ഈ ഫ്ലിപ്കാർട്ട്-എബിഎഫ്ആർഎൽ കരാർ ഓഫ്‌ലൈൻ കൺസ്യൂമർ സ്പേസിലെ രണ്ടാമത്തെ വലിയ ഇടപാടാണ്. ഈ വർഷം ഓഗസ്റ്റിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ( ആർഐഎൽ)ന്റെ യൂണിറ്റ് റീട്ടെയിൽ വെഞ്ചേഴ്സ്, ചില്ലറ-മൊത്തവ്യാപാര ബിസിനസായ കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിൽനിന്ന് ലോജിസ്റ്റിക് വെയർഹൗസിംഗ് ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇതായിരുന്നു ഓഫ്‌ലൈൻ കൺസ്യൂമർ സ്പേസിലെ ഏറ്റവും വലിയ ഇടപാട്.