
വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടായ യൂണികോൺ ഇന്ത്യ വെഞ്ച്വഴ്സിന്റെ നേതൃത്വത്തിലുള്ള മൂലധന നിക്ഷേപകരിൽനിന്ന് 7.10 അഞ്ചു കോടി രൂപയുടെ മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സ്റ്റാർട്ടപ്പായ ഫീഡോ. കോട്ടയം സ്വദേശി പ്രശാന്ത് മാടവനയുടെ നേതൃത്വത്തിലാരംഭിച്ച ഇൻഷ്യുർ-ടെക് സ്റ്റാർട്ടപ്പാണ് ഫീഡോ.

വായ്പ എടുക്കുമ്പോൾ പരിശോധിക്കുന്ന സിബിൽ ക്രെഡിറ്റ് സ്കോറിൻറെ മാതൃകയിൽ ഇൻഷുറൻസ് പോളിസി ഉടമയുടെ ഹെൽത്ത് സ്കോർ കമ്പനി തയ്യാറാക്കുന്നു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കുന്ന ഇതിന് ഫീഡോ സ്കോർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിൽ മികച്ച സ്കോർ ലഭിക്കുന്നവർ ആരോഗ്യപരമായി റിസ്ക് കുറവുള്ളവരായിരിക്കും.
കമ്പനിയുടെ ഈ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ വിപണികളിലേക്ക് കടക്കുന്നതിനുമായി പുതുതായി ലഭിച്ച ഫണ്ട് വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പോളിസി ഉടമയുടെ ഫോട്ടോയിൽ നിന്നാണ് അവർ പുകവലിക്കുന്നവരാണോ, ഭാവിയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം തുടങ്ങിയവയെല്ലാം മനസ്സിലാക്കുന്നത്.