
ഫാസ്ടാഗ് വിൽപ്പനയെന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പ് തകൃതി. ഫാസ്ടാഗുകളുടെ അംഗീകൃത വിൽപ്പന ഏജൻസിയായ ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡിനോട് (ഐ.എച്ച്.എം.സി.എൽ.) സമാനമായ പേരിട്ട സൈറ്റുകളാണ് ഇതിന് പിന്നിൽ. രേഖകളും പണവും ഉപഭോക്താവിൽ നിന്ന് വാങ്ങി ഫാസ്ടാഗെന്ന പേരിൽ വ്യാജരേഖ അയച്ചുകൊടുക്കുകയാണ് പതിവ്. പണം വാങ്ങിയ ശേഷം അപേക്ഷ പൂർത്തിയായില്ലെന്ന കാരണം കാണിച്ചും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ഫാസ്ടാഗ് എന്ന വാക്കിനോട് സാമ്യമുള്ള പേരിലുള്ള സൈറ്റുകളിലൂടെയും ഒട്ടേറെപ്പേർ വഞ്ചിതരാകുന്നുണ്ട്.

ഇതിനെതിരേ ബോധവത്കരണവുമായി ദേശീയപാത അതോറിട്ടി രംഗത്തെത്തിയിട്ടുണ്ട്.എന്നിട്ടും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറയാത്തതിനാൽ ദേശീയപാത അതോറിട്ടി സംസ്ഥാനങ്ങളുടെയും സേവനം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ ബോധവത്കരണവുമായി േകരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയാൽ 1033 എന്ന ഫോൺ നമ്പറിൽ പരാതിപ്പെടാമെന്നാണ് ദേശീയപാത അതോറിട്ടി അറിയിക്കുന്നത്.ഫാസ്ടാഗ് വ്യാജന്മാരെ സൂക്ഷിക്കുക എന്ന പേരിലാണ് നവമാധ്യമങ്ങളിലൂടെ കേരള പോലീസ് ബോധവത്കരണം നടത്തുന്നത്.ഐ.എച്ച്.എം.സി.എലിന്റെ ഔദ്യോഗിക സൈറ്റിലൂടെയോ മൈ ഫാസ്ടാഗ് ആപ്പിലൂടെയോ മാത്രം ഓൺലൈനായി ഫാസ്ടാഗ് വാങ്ങണമെന്നാണ് പോലീസ് നൽകുന്ന നിർദേശം. ഫാസ്ടാഗ് വിൽക്കാൻ അനുമതിയുള്ള 23 ബാങ്കുകളിലൂടെയും അവയുടെ അംഗീകൃത വിൽപ്പന കേന്ദ്രങ്ങളിലൂടെയും വാങ്ങാമെന്നും കേരള പോലീസിന്റെ അറിയിപ്പിൽ പറയുന്നു.