
രാജ്യത്ത് അതിവേഗ ഇൻറർനെറ്റ് ലഭ്യമായ സ്മാർട്ട് വില്ലേജുകളുള്ള ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. ഏറ്റവും പുതിയ ലൈഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഹമ്മദാബാദിലെ നവ് വയർലെസ് ടെക്നോളജി എന്ന സ്റ്റാർട്ടപ്പ് ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ നവനഗർ, അക്രുണ്ട് എന്നീ ഗ്രാമങ്ങളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയത്. വൈദ്യുതി ലൈനിലൂടെ ഈ 2 ഗ്രാമങ്ങളിലെയും സ്കൂൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അതിവേഗത്തിലുള്ളതും സുരക്ഷിതവുമായ ഇൻറർനെറ്റ് കണക്ഷൻ ലഭിക്കും.

ഈ രണ്ടു ഗ്രാമങ്ങളിലും ഇൻറർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനായി 20 ലക്ഷം രൂപയാണ് കമ്പനി ചെലവഴിച്ചത്. സ്വന്തം സംസ്ഥാനത്ത് ഈ സാങ്കേതിക വിദ്യ സാധ്യമാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും സിടിഒയുമായ ഹാർദിക് സോണി പറഞ്ഞു. തുറന്ന സ്ഥലങ്ങളിൽ പ്രകാശ തരംഗങ്ങൾ വഴി വിവരം കൈമാറാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ലൈഫൈ. ഇതുവഴി അൾട്രാ ഫാസ്റ്റ് ഡാറ്റ കണക്ഷൻ സാധ്യമാകും. വൈഫൈയെക്കാൾ നൂറിരട്ടി വേഗം ലൈഫൈയ്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ഗുജറാത്തിലെ 6000 ഗ്രാമങ്ങളിലേക്കു കൂടി സമാനമായ സാങ്കേതികവിദ്യ എത്തിക്കുന്നതിന് നവ് വയർലെസ് ടെക്നോളജി ഭാരത് നെറ്റുമായി സഹകരിക്കും. 2022 ഓടെ ഇത് പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. 500 കോടി രൂപയുടെ ഫണ്ടാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.