Auto
Trending

ചിപ്പ്ക്ഷാമം രൂക്ഷം:നിര്‍മാണം കുറയ്ക്കാനൊരുങ്ങി ഫോക്‌സ്‌വാഗണും

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ലോകത്തിലെ വാഹന വ്യവസായത്തേയും ഇലക്ട്രോണിക്സ് മേഖലയെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.ചിപ്പ് ക്ഷാമം രൂക്ഷമായതോടെ പല വാഹന നിർമാതാക്കളും ഉത്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെ റിപ്പോർട്ട് അനുസരിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗണും നിർമാണം കുറയ്ക്കാനൊരുങ്ങുകയാണ്.ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ചിപ്പുകളുടെ ലഭ്യത കുറയുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് വാഹന ഉത്പാദനത്തിൽ കുറവുണ്ടായേക്കുമെന്നുള്ള സൂചനകൾ തള്ളികളയാൻ സാധിക്കില്ലെന്നാണ് ഫോക്സ്വാഗൺ അറിയിച്ചിരിക്കുന്നത്. ഉത്പാദനം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ഈ വർഷം അവസാനത്തോടെ മറികടക്കാൻ കഴിയുമെന്ന് കരുതുന്നതായും ഫോക്സ്വാഗൺ അറിയിച്ചു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതുതലമുറ വാഹനങ്ങളുടെ നിർമാണത്തിന് സെമി കണ്ടക്ടർ ചിപ്പുകൾ അനിവാര്യമാണ്. എന്നാൽ, വൈറസ് വ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും ചിപ്പുകളുടെ നിർമാണം തടസപ്പെട്ടിരുന്നതായി മുമ്പ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ചിപ്പ് ക്ഷാമം ചൂണ്ടിക്കാട്ടി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ശതമാനം വരെ ഉത്പാദനം കുറയ്ക്കാനാണ് ടൊയോട്ട തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബർ മാസത്തോടെ കുറയ്ക്കുമെന്നാണ് പ്രാഥമിക വിവരം. പ്രധാനമായും എഷ്യൻ രാജ്യങ്ങളിലേയും യു.എസിലെ പ്ലാന്റുകളിലേയും വാഹനങ്ങളുടെ നിർമാണത്തെ ആയിരിക്കും ചിപ്പ് ക്ഷാമം കാര്യമായി ബാധിക്കുകയെന്നാണ് ടൊയോട്ടയുടെ വിലയിരുത്തൽ.2022-ന്റെ അവസാനത്തോടെ മാത്രമേ ചിപ്പ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നാണ് ലോകത്തിലെ തന്നെ മുൻനിര ചിപ്പ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button