
രാജ്യത്തെ കോവിഡ്-19 വാക്സിൻ വിതരണത്തിനുള്ള രജിസ്ട്രേഷൻ ആപ്പായ കോവിനിന്റെ വ്യാജ പതിപ്പുകൾ ആപ്പ്സ്റ്റോറുകളിലുണ്ടെന്നും എന്നാൽ യഥാർത്ഥ കോവിൻ ആപ്പ് ഇതുവരെയും പുറത്തിറക്കിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായ ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം വ്യാജ ആപ്പുകൾ ശ്രമിക്കുന്നത്.

ഇത്തരം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഈ ആപ്പുകളിൽ വ്യക്തി വിവരങ്ങൾ നൽകിയാൽ അത് സാമ്പത്തിക തട്ടിപ്പുകൾക്കും ആൾമാറാട്ടം പോലുള്ള തട്ടിപ്പുകൾക്കും ഉപയോഗിച്ചേക്കാമെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. നിർമാണ ഘട്ടത്തിലിരിക്കുന്ന കോവിൻ ആപ്പ് പുറത്തിറങ്ങുന്നതിനു മുൻപ് തന്നെയാണ് അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി രണ്ടു വാക്സിനുകൾക്കാണ് ഇന്ത്യൻ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരിക്കുന്നത്.