
വാട്ട്സ്ആപ്പിന് പിന്നാലെ ഫെയ്സ്ബുക്ക് മെസ്സഞ്ചറിലും ഫോർവേഡ് സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി. ഇനി ഒരു തവണ അഞ്ച് വ്യക്തികൾക്കോ, ഗ്രൂപ്പുകളിലേക്കോ മാത്രമേ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ കഴിയൂ. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
കഴിഞ്ഞ മാർച്ചിൽ തന്നെ ഇത് പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിത് എല്ലാ ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഘട്ടംഘട്ടമായാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നത്. ന്യൂസിലാൻഡ്, അമേരിക്ക എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ആഗോള ജനതയ്ക്ക് ഹാനികരമായ ഉള്ളടക്കങ്ങളോടെയും വ്യാജ വിവരങ്ങളുടെയും യും പ്രചരണ വേഗം കുറയ്ക്കുന്നതിന് ഫോർവേഡ് സന്ദേശങ്ങൾ നിയന്ത്രിക്കുന്നത് ഫലപ്രദമാണെന്ന് മെസഞ്ചർ പ്രൈവസി ആൻ്റ് സേഫ്റ്റി, പ്രോഡക്റ്റ് മാനേജ്മെന്റ് ഡയറക്ടറായ ജെയ് സള്ളിവൻ പറഞ്ഞു.
പുതിയ നിയന്ത്രണം കൂടാതെ കമ്പനിയെ നിയമക്കുരുക്കിലാക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്ന അറിയിപ്പും ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്കു നൽകിയിട്ടുണ്ട്.