
വളർന്നുവരുന്ന റാപ്പർന്മാരെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് ബാർസ് എന്ന പേരിൽ പുത്തൻ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫെയ്സ്ബുക്കിന്റെ പുതിയ പ്രോഡക്റ്റ് എക്സ്പിരിമെന്റേഷൻ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ടീമാണ് ഈ പുത്തൻ ആപ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഹ്രസ്വ വീഡിയോ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി റാപ്പ് സ്റ്റൈൽ വീഡിയോകൾക്ക് മാത്രമായാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ബാർസ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ റാപ്പ് വീഡിയോകൾ നിർമ്മിച്ച് പങ്കുവെക്കാം. ഉപഭോക്താക്കൾക്കായി പ്രത്യേകം ബിറ്റുകൾ ഇതിൽ ലഭ്യമാണ്. ഇതുവഴി വാക്കുകളെ പ്രൊഫഷണൽ രീതിയിലുള്ള റാപ്പുകളാക്കി മാറ്റാൻ സാധിക്കും. വിഷ്വൽ ഫിൽറ്ററുകൾ, ഓട്ടോട്യൂൺ,എഎം റേഡിയോ പോലുള്ള ടൂളുകളും ബാർസിൽ ലഭ്യമാണ്. ആപ്പിൽ സൃഷ്ടിക്കുന്ന റാപ്പ് വീഡിയോകൾ ഫോണിലേക്ക് ഡൗൺലോഡ് ചെയ്തെടുക്കാനും മറ്റ് സോഷ്യൽ മീഡിയകൾ വഴി പങ്കുവയ്ക്കാനും സാധിക്കും.