
യുഎസ് ഫെഡറേഷൻ ട്രേഡ് കമ്മീഷനും വിവിധ യുഎസ് സ്റ്റേറ്റുകളും ഫേസ്ബുക്കിനെതിരെ നൽകിയ കേസിനെ തുടർന്ന് കമ്പനിക്ക് അതിൻറെ പ്രധാന സഹ സ്ഥാപനങ്ങളായ വാട്സാപ്പും ഇൻസ്റ്റഗ്രാമും വിൽക്കേണ്ടി വന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗൂഗിളിനു ശേഷം ഏറ്റവും വലിയ നിയമ വെല്ലുവിളി നേരിടുന്ന രണ്ടാമത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ സ്ഥാപനമാണ് ഫേസ്ബുക്ക്.

ഒരു തരത്തിലുള്ള മത്സരത്തിനും അവസരം നൽകാതെ എതിരാളികളെ പണവും ശക്തിയുമുപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയാണ് കമ്പനി നടത്തുന്നതെന്നും ഫെയ്സ്ബുക്ക് സമൂഹമാധ്യമങ്ങൾക്കിടയിൽ സ്വേച്ഛാധിപത്യപരമായ പെരുമാറ്റമാണ് നടത്തുന്നതെന്നുമാണ് കമ്പനിക്കെതിരായ ആരോപണം. 2012 ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാമിനെ 100 കോടി ഡോളറിനും 2014 ൽ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിനെ 1900 കോടി ഡോളറിനും ഫെയ്സ്ബുക്ക് ഏറ്റെടുത്തിരുന്നു. ഈ നീക്കവും വിപണി മേധാവിത്തം നേടാനായിരുന്നുവെന്ന് കേസിൽ ആരോപിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുമുൻപ് നടന്ന ഇടപാടുകൾ ഫെഡറൽ ട്രേഡ് കമ്മീഷൻ പിൻവലിക്കാനും സാധ്യതയുണ്ട്. ഇതുവഴി ഏറ്റെടുത്ത രണ്ട് സ്ഥാപനങ്ങളെയും ഫേസ്ബുക്കിന് കൈയ്യൊഴിയേണ്ടിവന്നേക്കാം.