
തുടർച്ചയായ എട്ടാം മാസവും ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിൽനിന്ന് വൻതോതിൽ നിക്ഷേപകർ പണം പിൻവലിച്ചു. ഇക്കഴിഞ്ഞ മാസം മാത്രം നിക്ഷേപകർ പിൻവലിച്ചത് 10,468 കോടി രൂപയാണ്.ലാർജ് ആൻഡ് മിഡ്ക്യാപ്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങി എല്ലാവിഭാഗം ഫണ്ടുകളിൽനിന്നും ഫെബ്രുവരിയിൽ നിക്ഷേപകർ പണം തിരിച്ചെടുത്തു. സെബിയുടെ നിർദേശത്തെതുടർന്ന് പുതിയതായി അവതരിപ്പിച്ച ഫ്ളക്സി ക്യാപ് ഫണ്ടുകളിൽനിന്നാണ് കൂടുതൽ തുക(10,431 കോടി)പിൻവലിച്ചത്.

നിക്ഷേപം പിൻവലിക്കൽ തുടരുമ്പോഴും ഫണ്ടുകൾ കൈകാര്യംചെയ്യുന്ന ആസ്തിയിൽ വർധനവുണ്ട്. 31.64 ലക്ഷം കോടി രൂപയാണ് ഫെബ്രുവരി അവസാനത്തെ കണക്കുപ്രകാരം ഫണ്ടുകളുടെ മൊത്തം ആസ്തി. ജനുവരിയിൽ ഇത് 30.5 ലക്ഷംകോടി രൂപയായിരുന്നു.അതേസമയം, ഫെബ്രുവരിയിൽ 1,735 കോടി രൂപ ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപമായെത്തി. ജനുവരിയിൽ 33,409 കോടി രൂപയായിരുന്നു ഡെറ്റ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി) പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.