
2020-21 സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ മാർച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും. നിക്ഷേപത്തിൽ നിന്നുള്ള ആദായവും ധനസ്ഥിതിയും വിലയിരുത്തിയ ശേഷമാകും പലിശ പ്രഖ്യാപിക്കുക. ഇതിനായി മാർച്ച് 4 ന് ഇപിഎഫ്ഒ അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. 2019 സാമ്പത്തിക വർഷത്തിൽ 61,000 കോടി രൂപയാണ് നിക്ഷേപത്തിൽ നിന്ന് ഇപിഎഫ്ഒയ്ക്ക് ലഭിച്ച ആദായം. ഇതിൽ 58,000 കോടി രൂപ കടപ്പത്രങ്ങളിലെ നിക്ഷേപത്തിൽ നിന്നും 3000 കോടി രൂപ ഓഹരികളിൽ നിന്നുമായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഓഹരി വിപണി മികച്ച നേട്ടത്തിലായതിനാൽ ഓഹരി നിക്ഷേപത്തിൽ നിന്ന് കൂടുതൽ ആദായം ലഭിക്കുമെന്നാണ് ഇപിഎഫ്ഒ വിലയിരുത്തുന്നത്. ഓഹരിവിപണിയിലെ ആദായത്തോടൊപ്പം കടപ്പത്രങ്ങളിൽ നിന്നുള്ള ആദായവും ചേർത്താണ് മൊത്തവരുമാനം കണക്കാക്കുക. മൊത്ത വരുമാനം കണക്കാക്കിയതിനു ശേഷമാണ് അംഗങ്ങളുടെ നിക്ഷേപത്തിന് എത്ര പലിശ നൽകാൻ കഴിയുമെന്ന് വിലയിരുത്തുക. ഓഹരിവിപണിയിലെ അനിശ്ചിതത്വം മൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ വിതരണം സംബന്ധിച്ച് കാര്യമായ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബറോടെയാണ് നേരത്തെ നിശ്ചയിച്ച 8.5 ശതമാനം പലിശ അംഗങ്ങളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയത്.