
ഒടുവിൽ ലോക കോടീശ്വരന്മാരിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപകൻ ഇലോൺ മാസ്ക്. ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയിലാണ് ഇലോൺ മാസ്ക് ഒന്നാമത്തെത്തിയിരിക്കുന്നത്. 188.5 ബില്യൺ ഡോളറാണ് മാസ്കിന്റെ ആസ്തി.

ഓഹരി വിപണിയിൽ ടെസ്‌ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെയാണ് ആമസോൺ ഉടമ ജെഫ് ബെസോസിനെ പുറംതള്ളി മാസ്ക് ഒന്നാമതെത്തിയത്. ബെസോസിനേക്കാൾ 1.5 ബില്യൺ ഡോളർ അധിക ആസ്തി മാസ്കിനുണ്ട്. ഇക്കഴിഞ്ഞ 12 മാസത്തിനിടെ മാസ്കിൻറെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്. ഇക്കഴിഞ്ഞ 2020ൽ മാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. 2017 ഒക്ടോബർ മുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത്.