Big B
Trending

വൈദ്യുതവാഹനങ്ങൾ വായ്പാമുൻഗണനപട്ടികയിൽ കൊണ്ടുവരണം:നിതി ആയോഗ്

വൈദ്യുതവാഹനങ്ങളെ റിസർവ് ബാങ്കിന്റെ മുൻഗണനാവായ്പകൾക്കുള്ള മാർഗനിർദേശപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിന് നിതി ആയോഗിന്റെ ശുപാർശ. വൈദ്യുതവാഹനങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭിക്കാനും ഈ മേഖലയുടെ പുരോഗതിക്ക് വേഗംകൂട്ടാനും ഇതുസഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിതി ആയോഗിന്റെ വിലയിരുത്തൽ. ഊർജമേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് പ്രാധാന്യം നൽകി കൊളറാഡോയിൽ പ്രവർത്തിക്കുന്ന റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് (ആർ.എം.ഐ.), ആർ.എം.ഐ. ഇന്ത്യ എന്നിവയുമായി ചേർന്നുതയ്യാറാക്കിയ റിപ്പോർട്ടിലാണ് നിതി ആയോഗ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.നിലവിൽ വൈദ്യുതവാഹന റീട്ടെയിൽ വായ്പാവളർച്ച വളരെക്കുറഞ്ഞ നിലയിലാണ്. കാർബൺ മലിനീകരണം കുറയ്ക്കുന്നതിൽ നിർണായകമായ വൈദ്യുതവാഹനങ്ങൾ വ്യാപകമാക്കുന്നതിൽ സാമ്പത്തികസ്ഥാപനങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് പറഞ്ഞു.ആർ.ബി.ഐ.യുടെ മുൻഗണനാ വായ്പാപദ്ധതി മാർഗനിർദേശങ്ങൾ രാജ്യതാത്പര്യം മുൻനിർത്തിയുള്ളതാണ്. തൊഴിലവസരങ്ങൾക്ക് പ്രാധാന്യമുള്ള മേഖലകളാണ് പ്രധാനമായും ഈ പട്ടികയിൽ വരുക. വൈദ്യുതവാഹനങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുകവഴി അവയ്ക്കായി പണം ലഭ്യമാക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഒട്ടേറെ ഇളവുകൾ ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025-ഓടെ ഇന്ത്യയിൽ വൈദ്യുതവാഹന വായ്പാവിപണി 40,000 കോടി രൂപയിലെത്തുമെന്നും 2030-ലിത് 3.7 ലക്ഷം കോടിയായിരിക്കുമെന്നുമാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻ.ബി.എഫ്.സി.) വലിയ അവസരമാണ് വൈദ്യുതവാഹനമേഖല തുറന്നിടുന്നത്. വൈദ്യുതവാഹനങ്ങളുടെ പുനർവിൽപ്പനമൂല്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നതിനാൽ സാമ്പത്തികസ്ഥാപനങ്ങൾ കുറഞ്ഞപലിശയിൽ ദീർഘകാലവായ്പകൾ നൽകാൻ വിമുഖത കാണിക്കുന്നതായി ആർ.എം.ഐ. മാനേജിങ് ഡയറക്ടർ ക്ലേ സ്ട്രേഞ്ചർ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ വൈദ്യുത ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, വാണിജ്യവിഭാഗത്തിലുള്ള നാലുചക്രവാഹനങ്ങൾ എന്നിവയെ പട്ടികയിൽ ഉൾപ്പെടുത്താനാണ് നിതി ആയോഗ് ശുപാർശ ചെയ്തിട്ടുള്ളത്.

Related Articles

Back to top button