
വൈദ്യുതവാഹന മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പുണെയില്‍ നിര്‍മാണശാല സ്ഥാപിക്കും.വൈദ്യുത വാഹനമേഖലയ്ക്കുള്ള വ്യവസായ പ്രോത്സാഹന പദ്ധതി പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ നിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മാണകേന്ദ്രത്തിനും അതിന്റെ വികസനത്തിനും കമ്പനി പുറത്തിറക്കാനിരിക്കുന്ന വൈദ്യുതവാഹനങ്ങളുടെ ഉത്പാദനത്തിനുമായി ഏഴു മുതല്‍ എട്ടുവര്‍ഷം കൊണ്ടാകും തുക നിക്ഷേപിക്കുകയെന്ന് കമ്പനി അറിയിച്ചു. ബി.ഇ. എന്ന ബ്രാന്‍ഡിന് കീഴിലായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഒരുങ്ങുകയെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന രാജ്യത്തിന്റെ നയത്തിന്റെ ഭാഗമായി മഹീന്ദ്ര ഇലക്ട്രിക് വാഹന പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റനാണ് മഹീന്ദ്രയുടെ പദ്ധതിയെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. 2027-ഓടെ മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതുവഴി രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ 20 മുതല്‍ 30 ശതമാനം വരെ ഓഹരി സ്വന്തമാക്കാനാണ് മഹീന്ദ്രയുടെ ശ്രമം. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 16 ഇലക്ട്രിക് വാഹനങ്ങളാണ് മഹീന്ദ്ര ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഉറപ്പുനല്‍കിയിട്ടുള്ളത്.