
ഇലക്ട്രിക് വാഹന നിർമാണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മഹീന്ദ്ര.ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയിലെ മറ്റ് വാഹന നിർമാതാക്കളുമായി സഹകരിക്കുന്ന കാര്യവും മഹീന്ദ്രയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതി ഒരുക്കിയിരിക്കുന്നത്. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപത്തിന് പുറമെയായിരിക്കും ഈ 3000 കോടിയുടെ നിക്ഷേപമെന്നാണ് വിവരം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാഹന, കാർഷിക മേഖലയിൽ 9000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര മുമ്പ് പ്രഖ്യാപിച്ചിരുന്നു.ഡെട്രോയിറ്റ്, ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്പാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം നിർമിക്കാനാണ് മഹീന്ദ്ര പ്രഥമ പരിഗണന നൽകുന്നത്. 2025-ഓടെ ഇന്ത്യയിൽ നിരത്തിൽ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനമെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് മഹീന്ദ്ര. ഇതിനായി 500 കോടി രൂപയുടെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്റർ ഒരുക്കിയത് ഉൾപ്പെടെ 1700 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയിട്ടുള്ളത്. ഇ.വി. ബാറ്ററി പാക്ക്, പവർ ഇലക്ട്രോണിക്സ്, മോട്ടോറുകൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള ടെക്നോളജീസ് പ്ലാന്റ് മഹീന്ദ്ര ഇതിനോടകം ബെംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കിയത് മഹീന്ദ്രയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കടന്ന മഹീന്ദ്രയുടെ 32,000-ത്തിൽ അധികം ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിലുണ്ട്.