
വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ബാറ്ററി ചാർജിങ് സൗകര്യം ലഭ്യമാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തിനകത്തെ 69,000 പെട്രോൾപമ്പുകളിൽ ഓരോ ഇ ചാർജിങ് കിയോസ്കിയെങ്കിലും ലഭ്യമാക്കാനാണ് തീരുമാനമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഒപ്പം ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളുടെ ചരക്ക്, സേവനനികുതി (ജി എസ് ടി) അഞ്ച് ശതമാനം കുറച്ചു.

കൂടാതെ നികുതി നിർണയിക്കാൻ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ബാറ്ററി വിലയെ വാഹനത്തിന്റെ വിലയിൽ നിന്ന് വേർപ്പെടുത്താനും ധാരണയായിട്ടുണ്ട്. ഏകദേശം വാഹന വിലയുടെ 30 ശതമാനത്തോളമാണ് ബാറ്ററിയുടെ വില. ബാറ്ററി ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം വ്യാപകമാകുന്നത് വൈദ്യുത വാഹന വില്പന ഉയരാൻ സഹായിക്കുമെന്നും ഗഡ്ഗരി അവകാശപ്പെടുന്നു. അടുത്ത അഞ്ചുവർഷത്തിനകം ആഗോളതലത്തിലെ തന്നെ പ്രധാന വാഹന നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിനു പുറമേ എഥനോളും സിഎൻജിയും ഇന്ധനമാക്കാൻ പ്രാപ്തിയുള്ള ഫ്ലക്സ് എൻജിനുകൾ വികസിപ്പിക്കാനുംവാഹന നിർമാതാക്കളോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.