
ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ലിഥിയം ബാറ്ററികൾ ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന മറ്റ് ലോഹ ബാറ്ററികളേക്കാൾ ചെലവ് കുറവും സുരക്ഷിതവുമാണെന്ന് പുതിയ കണ്ടെത്തൽ. ഇപ്പോൾ ഭൂരിഭാഗം ഇലക്ട്രിക് കാറുകളിലും നിക്കലും കൊബാൾട്ടുമടങ്ങുന്ന ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇത്തരം ബാറ്ററികൾക്ക് ചെലവ് കൂടുതലാണ്. കൂടാതെ ഇവയിൽ ഉപയോഗിക്കുന്ന കോബാൾട്ട് വിഷമയവുമാണ്.

നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് പകരം ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽ എഫ് പി) ബാറ്ററികളാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്. സാധാരണ നിലയിൽ നിക്കൽ ബാറ്ററികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ പ്രവർത്തനക്ഷമതയിൽ പിന്നിലാണ്. എന്നാൽ എൽ എഫ് പി ബാറ്ററികളുടെ താപനില 60 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർത്തുകയും അതേ താപനിലയിൽ തന്നെ തുടരുകയും ചെയ്താൽ ഇവ നിക്കൽ ബാറ്ററിയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നാണ് പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ ചാവോ-യാങ് വാങിന്റേയും അദ്ദേഹത്തിൻറെ സഹപ്രവർത്തകരുടെയും കണ്ടെത്തൽ. ഇദ്ദേഹം നിർദ്ദേശിക്കുന്ന രീതിയിൽ ബാറ്ററി വെറും 10 മിനിറ്റിൽ ചൂടാക്കാനാകും. ഇതിലൂടെ ബാറ്ററിയുടെ ഊർജ്ജക്ഷമത വർദ്ധിക്കുകയും കൂടുതൽ ദൂരം സഞ്ചരിക്കുകയും ചെയ്യും. ഇതുവഴി ചെലവ് കുറയുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയിലും കുറവുണ്ടാകാൻ ഇടയാക്കും.