Big B
Trending

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും വളർച്ച ചുരുങ്ങി

സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തെ വളർച്ച ചുരുങ്ങിയതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻറെ പുതിയ കണക്കുകൾ. അതായത് സാങ്കേതികമായി രാജ്യം മാന്ദ്യത്തിൽ തന്നെ തുടരുന്നു. തുടർച്ചയായി രണ്ട് പാദങ്ങളിൽ ജിഡിപി വളർച്ച നെഗറ്റീവാണെങ്കിൽ മാന്ദ്യമായി കണക്കാക്കും. സാമ്പത്തിക വർഷത്തിലെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറിലെ ജിഡിപി വളർച്ച -7.5 ശതമാനമാണ്. ആദ്യപാദത്തിലിത് -23.9 ശതമാനമായിരുന്നു.


സാമ്പത്തിക വർഷത്തിന്റെ നാല് പാദങ്ങൾ തിരിച്ചുള്ള കണക്കുകൾ പുറത്തു വിടുന്ന രീതി 1998 ലാണ് ആരംഭിച്ചത്. ഈ രീതി അനുസരിച്ച് ഇതാദ്യമായാണ് മാന്ദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതേസമയം ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ വളർച്ച പ്രതീക്ഷിച്ചത്ര മോശമല്ലെന്നാണ് പൊതുവായ വിലയിരുത്തൽ. ഉൽപാദന മേഖലയിലെസ്ഥിതി മെച്ചപ്പെട്ടതും ഉത്സവ കാലവും അനുകൂല ഘടകങ്ങളായി. രാജ്യത്തെ കാർഷിക മേഖല ഈ രണ്ടാം പാദത്തിലും 3.4 ശതമാനം വളർച്ച തുടരുന്നു. എന്നാൽ വരാനിരിക്കുന്ന ഒക്ടോബർ – ഡിസംബർ കാലയളവിൽ വളർച്ച മെച്ചപ്പെടുമോ എന്നതിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Related Articles

Back to top button