Big B
Trending

വിലക്കയറ്റ ഭീഷണിയിൽ രാജ്യം:ആർബിഐ നിരക്കുകൾ ആറിന് പ്രഖ്യാപിക്കും

തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റ സൂചിക ഉയർന്നു നിൽക്കുന്നതിനാൽ ഇത്തവണ ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമോയെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.മൂന്നുദിവസം നീണ്ടുനിൽക്കുന്ന പണവായ്പ അവലോകന സമിതി(എംപിസി)യോഗതീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുക. രണ്ടുമാസം തുടർച്ചയായി ഉപഭോക്തൃ വിലസൂചിക ആറുശതമാനത്തിന് മുകളിലാണ്. ലക്ഷ്യനിരക്കായ നാലുശതമാനത്തിലൊതുക്കിനിർത്താൻ കഴിയുന്നില്ലെങ്കിലും മുകൾതട്ട് പരിധിയായി റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുളള ആറുശതമാനത്തിലുമേറെയായതിനാലാണ് ഇതുസംബന്ധിച്ച ആശങ്ക നിലനിൽക്കുന്നത്.വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഒരുവർഷത്തിലേറെയായി നാലുശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിവരികയാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റസർവ് ബാങ്ക് നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോയാകട്ടെ 3.35ശതമാനവുമാണ്.ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം മെയിൽ 6.30ശതമാനവും ജൂണിൽ 6.26ശതമാനവുമായിരുന്നു. വിലക്കയറ്റംതാൽക്കാലികമാണെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. അതിനാൽതന്നെ ഇത്തവണയും നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ലെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.കോവിഡ് വ്യാപനത്തെതുടർന്ന് വിതരണ ശൃംഖലകളിലുള്ള തടസ്സവും ഇന്ധനവിലവർധനവുമാണ് വിലക്കയറ്റത്തിന് പ്രധാനകാരണം. പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിലയിൽ 10ശതമാനംവർധനവുണ്ടാകുമ്പോൾ വിലക്കയറ്റ സൂചികയിൽ അരശതമാനത്തിന്റെ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെവഴി തിരഞ്ഞെടുത്തുകഴിഞ്ഞു.

Related Articles

Back to top button