
എംടിആർ ഫുഡ്സിൻ്റെ ഉടമസ്ഥതയിലുള്ള നോർവീജിയൻ ഉപഭോക്തൃ കമ്പനിയായ ഓർക്ല എഎസ്എ, ദക്ഷിണേന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന നിർമ്മാതാക്കളിലൊരാളായ ഈസ്റ്റേൺ കോണ്ടിമെൻ്റുകളെ സ്വന്തമാക്കാനൊരുങ്ങുന്നു. ഈസ്റ്റേൺ കോണ്ടിമെൻ്റിൻ്റെ 68 ശതമാനം ഓഹരി ഓർക്ല ഏറ്റെടുക്കുകയും എംപിആർ ഫുഡ്സുമായി ലയിപ്പിക്കുകയും ചെയ്യും. കേരളം ആസ്ഥാനമായുള്ള ഈസ്റ്റേൺ കോണ്ടിമെൻ്റിൻ്റെ ഓഹരിക്ക് 2,000 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ഈ നീക്കം, ഇന്ത്യയുടെ ബ്രാൻഡഡ് സുഗന്ധവ്യഞ്ജന വിപണിയിൽ ഓർക്ലയുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 2007 ൽ ഓർക്ല എംടിആർ ഫുഡ്സ് സ്വന്തമാക്കിയിരുന്നു.
ഈസ്റ്റേണിൻ്റെ പ്രൊമോട്ടർമാരായ മീരൻ കുടുംബത്തിൽനിന്ന് 41.8 ശതമാനം ഓഹരികളാണ് എംടിആർ ഏറ്റെടുക്കുക. ബാക്കി 26% ഓഹരി കൈവശമുള്ള മാക് കോർമിക്ക് സ്പൈസസിൽ നിന്നാവും ഏറ്റെടുക്കുക.
ഏറ്റെടുക്കലിൻ്റെ ആദ്യഘട്ടത്തിനു ശേഷം ഈസ്റ്റേൺ എംടിആറുമായി ലയിപ്പിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ലയനത്തിനു ശേഷം കമ്പനി ഓർക്ല എഎസ്എയുടെയും രണ്ട് സഹോദരന്മാരായ ഹായ് ഫിറോസ്, നവാസ് മീരാൻ എന്നിവരുടെയും ഉടമസ്ഥതയിലായിരിക്കും.

1983 ൽ അടിമാലിയിൽ കോതമംഗലം സ്വദേശിയായ എംഇ മീരനാണ് ഈസ്റ്റേൺ കോണ്ടിമെൻ്റ്സ് സ്ഥാപിച്ചത്. പിന്നീട് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതികാരിലൊരാളായി വളർന്നു. സുഗന്ധവ്യഞ്ജനങ്ങൾ കൂടാതെ ഈസ്റ്റേൺ സാമ്പാർ പൗഡർ, അട-ദോശ മിക്സ്, ഉപ്മ- മിക്സ്, അച്ചാറുകൾ, മറ്റു റെഡി- ടു- ഈറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയും വിപണിയിലെത്തിക്കുന്നുണ്ട്.
നോർഡിക്സ്, ബാൾടിക്സ്, മധ്യ യൂറോപ്പിലെയും ഇന്ത്യയിലെയും ഏതാനും വിപണികൾ എന്നിവിടങ്ങളിലെ ബ്രാൻഡഡ് ഉപഭോക്തൃ വസ്തുക്കളുടെ പ്രധാന വിതരണക്കാരാണ് ഓസ്ലോ ആസ്ഥാനമായുള്ള ഓർക്ല എഎസ്.എ.