
ലോകത്തെ തന്നെ എണ്ണംപറഞ്ഞ പ്രീമിയം മോഡൽ ബൈക്കുകളെല്ലാം തന്നെ ഇന്ത്യൻ നിരത്തുകളിലെത്താറുണ്ട്. ഇപ്പോൾ മൂന്ന് റെയിഞ്ചുകളിലുള്ള സ്ക്രാംബ്ലർ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഈ കീഴ്വഴക്കം തുടരുകയാണ് ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാട്ടി. കമ്പനിയുടെ മോട്ടോർസൈക്കിളുകളായ സ്ക്രാംബ്ലർ ഡാർക്ക്, സ്ക്രാംബ്ലർ ഐക്കൺ, സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോ എന്നറിയാനാണ് ബിഎസ്-6 എൻജിനിൽ ഇന്ത്യയിലെത്തിക്കുന്നത്. ഈ ബൈക്കുകൾക്ക് യഥാക്രമം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ഈ മാസം 28 മുതൽ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും.

ഡ്യുക്കാട്ടി 62 യല്ലോ കളർ സ്ക്രീമിനു പുറമേ ഡ്യുക്കാട്ടി റെഡ് നിറത്തിലും സ്ക്രാംബ്ലർ ഡാർക്ക്, ഐക്കൺ മോഡലുകൾ എത്തുന്നുണ്ട്. പുത്തൻ സസ്പെൻഷൻ, കോർണറിങ് എബിഎസ്, ഫോൺ ഉപയോഗിക്കാനും പാട്ട് കേൾക്കാനും കഴിയുന്ന മൾട്ടിമീഡിയ സിസ്റ്റം എന്നിവയും ഈ ബൈക്കുകളിൽ നൽകിയിട്ടുണ്ട്. 803 സിസി എൽ-ട്വിൻ എൻജിനാണ് ഈ ബൈക്കുകളിൽ പ്രവർത്തിക്കുക. ഇത് 71 ബിഎച്ച്പി പവറും 66.2 എൻഎം ടോർക്കും സൃഷ്ടിക്കും. ആക്ടീവ്, സിറ്റി, ജോർണി എന്നീ മൂന്ന് റൈഡ് ബൈ വയർ റൈഡിങ് മോഡലുകളാണ് സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോയിൽ നൽകിയിട്ടുള്ളത്. സെർവോ അസിസ്റ്റൻറ് സ്ലിപ്പർ ഫംഗ്ഷൻ, വെറ്റ് മൾട്ടി ടൈപ്പ് വിത്ത് ഹൈഡ്രോളിക് കണ്ട്രോൾ സംവിധാനമുള്ള ക്ലച്ചും ഈ ബൈക്കിന്റെ ഹൈലൈറ്റാണ്. 1079 സിസി എൻജിനാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് 85 ബിഎച്ച്പി പവറും 88 എൻഎം ടോർക്കും സൃഷ്ടിക്കും.