
ഇറ്റാലിയൻ പ്രീമിയം ഇരുചക്രവാഹന നിർമാതാക്കളായ ഡ്യുക്കാട്ടി പുറത്തിറക്കുന്ന പുത്തൻ അഡ്വഞ്ചർ ബൈക്കായ മൾട്ടിസ്ട്രാഡ 950 എസ് നവംബർ 2ന് ഇന്ത്യൻ വിപണിയിലെത്തും. അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ വാഹനത്തിൻറെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഒരു ലക്ഷം രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത്. ബിഎസ്-6 നിലവാരത്തിലാണ് വാഹനം വിപണിയിലെത്തുക. ബിഎസ്-6 നിലവാരത്തിൽ വിപണിയിലെത്തുന്ന കമ്പനിയുടെ മൂന്നാമത്തെ ബൈക്കാണിത്.

ഡ്യുക്കാട്ടി വാഹന നിരയിലെ മൾട്ടിസ്ട്രാഡ 1200 ന് തൊട്ടു താഴെയാണ് ഈ പുത്തൻ വാഹനത്തിൻറെ സ്ഥാനം. 937 സിസി എൽ-ട്വിൻ ലിക്വിഡ് കൂൾ മോട്ടറാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ എൻജിൻ 11 ബിഎച്ച്പി പവറും 96 എൻഎം ടോർക്കും സൃഷ്ടിക്കും. ആറു സ്പീഡ് ഗിയർ ബോക്സാണ് വാഹനത്തിൻറെ ട്രാൻസ്മിഷൻ ഒരുക്കുന്നത്. മുന്നിൽ 19 ഇഞ്ച് ലൈറ്റ് അലോയ് വീലും പിന്നിൽ 17 ഇഞ്ച് അലോയ് വീലുമാണ് നൽകിയിരിക്കുന്നത്. വാഹനത്തിൻറെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ത്രീ ലെവൽ അഡ്ജസ്റ്റ്മെൻറ് എ.ബി.എസ്, 8 ലെവൽ ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിലെ റിയർ ഗ്രാബ് റെയിൽ, റൈഡർ സീറ്റ് എന്നിവ മൾട്ടിസ്ട്രാഡ എൻഡ്യൂറോയ്ക്ക് സമാനമാണ്. ടൂറിങ്, സപ്പോർട്ട്, അർബർ, എൻഡ്യൂറോ എന്നീ ആക്സസറി പാക്കും കമ്പനി ഈ വാഹനത്തോടൊപ്പം ലഭ്യമാക്കുന്നുണ്ട്.