Tech
Trending

ഡൗണ്‍ലോഡ്, അപ്‌ലോഡ്‌ വേഗതയിൽ കുതിച്ച് റിലയന്‍സ് ജിയോയും വിയും

മികച്ച ഡൗണ്‍ലോഡ്, അപ്‌ലോഡ്‌ വേഗതയില്‍ റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും ആദ്യ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ട്രായിയുടെ മൈ സ്പീഡ്‌പോര്‍ട്ടലില്‍ നിന്നുള്ള വിവരം അനുസരിച്ച് കഴിഞ്ഞ അഞ്ച് മാസമായി ജിയോയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ അപ് ലോഡ് വേഗമുള്ളത് വോഡഫോണ്‍ ഐഡിയയുടെ നെറ്റ് വര്‍ക്കിലാണ്.വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച ഇന്റര്‍നെറ്റ് വേഗത സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ശരാശരി കണക്കുകളാണ് ട്രായ് പുറത്തുവിട്ടിരിക്കുന്നത്.

ട്രായ് മൈ സ്പീഡ് കണക്കുകള്‍ അനുസരിച്ച് 2022 ജൂണില്‍ ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗണ്‍ലോഡ് വേഗത യഥാക്രമം 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയാണ്. 4ജി സേവനം ഇല്ലാത്തതാണ് ബിഎസ്എന്‍എലിന് മികച്ച സേവനം നല്‍കാന്‍ സാധിക്കാതെ വരുന്നതിന് കാരണം.ജിയോ, എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നീ സേവനങ്ങളുടെ അപ് ലോഡ് വേഗം യഥാക്രമം 7.2 എംബിപിഎസ്, 5.8 എംബിപിഎസ്, 7.8 എംബിപിഎസ്, 4.3 എംബിപിഎസ് എന്നിങ്ങനെയാണ്.ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ വോഡഫോണ്‍ ഐഡിയയില്‍ നിന്നും ഏറെ മുന്നിലാണ്. അതേസമയം അപ് ലോഡ് വേഗതയില്‍ വി മുന്നിലാണെങ്കിലും ജിയോ നേരിയ വ്യത്യാസത്തില്‍ അടുത്തു തന്നെയുണ്ട്.ഈ കണക്കുകള്‍ പക്ഷെ ഇന്ത്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ ആവണം എന്നില്ല. കാരണം ട്രായിയുടെ മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് വേഗത പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. മറ്റ് പ്ലാറ്റ്‌ഫോമുകളായ ഊക് ല, ഓപ്പണ്‍ സിഗ്നല്‍ എന്നിവരും സമാനമായ കണക്കുകള്‍ പുറത്തുവിടാറുണ്ട്. ഇത് ചിലപ്പോള്‍ ട്രായ് മൈസ്പീഡ് വിവരങ്ങളില്‍ നിന്ന് വ്യത്യസ്തമായേക്കും.

Related Articles

Back to top button