
നടപ്പ് സാമ്പത്തിക വർഷത്തിലെ ഡിസംബർ 15 വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതി വരുമാനത്തിൽ 17.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡിസംബർ 15 വരെ പ്രത്യക്ഷനികുതി ഇനത്തിൽ 4.95 ലക്ഷം കോടി രൂപയാണ് സർക്കാർ സമാഹരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.01 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി സർക്കാറിന് സമാഹരിക്കാൻ കഴിഞ്ഞിരുന്നു.

കോർപ്പറേറ്റ് നികുതി ഇനത്തിൽ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായ നികുതി ഇനത്തിൽ 2.57 ലക്ഷം കോടി രൂപയും ഡിസംബർ 15 വരെയുള്ള മുൻകൂർ നികുതി കണക്കുപ്രകാരം സർക്കാരിന് സമാഹരിക്കാനായതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ധനക്കമ്മി 9.14 ലക്ഷം കോടിയായി ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8 ശതമാനം വരുമിത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്കഡൗണാണ് സർക്കാറിൻറെ വരുമാനത്തെ താളം തെറ്റിച്ചത്.