
ഡിജിബോക്സ് എന്ന പേരിൽ ഇന്ത്യൻ നിർമ്മിത ക്ലൗഡ് സ്റ്റോറേജ് സേവനം അവതരിപ്പിക്കാനൊരുങ്ങുകയാണ് നീതി ആയോഗ്. അൺലിമിറ്റഡ് ഫോട്ടോ അപ്ലോഡ് 2021 ജൂൺ 21 മുതൽ ലഭ്യമാകില്ലെന്ന് ഗൂഗിൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിജിബോക്സിന്റെ വരവ്. ക്ലൗഡ് സ്റ്റോറേജും ഫയൽ ഷെയറിങ് സൗകര്യവുമാണ് ഈ പുതിയ സംവിധാനത്തിലൂടെ ഒരുക്കുന്നത്. ഇതിലൂടെ 20 ജിബി സ്റ്റോറേജ് സൗജന്യമായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം.ഇന്ത്യയിൽ തന്നെ സൃഷ്ടിക്കുക, ഇന്ത്യയിൽ തന്നെ സംഭരിച്ച് സൂക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തുന്ന ക്ലൗഡ് സ്റ്റോറേജ് സേവനം എന്ന നിലയിൽ സാസ് ഗണത്തിൽപ്പെടുത്താവുന്ന ഒന്നാണിത്.

20 ജിബി സൗജന്യ സ്റ്റോറേജിനു പുറമേ പ്രതിമാസം 30 രൂപ നൽകിയാൽ 100 ജിബി വരെ സ്റ്റോറേജ് ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഈ രീതിയിലുള്ള ആദ്യ ഇന്ത്യൻ നിർമിത സേവനമാണിതെന്ന് ഡിജി ബോക്സ് അവകാശപ്പെടുന്നു. ഒന്നിലധികം ഇന്ത്യൻ ഡാറ്റ സെൻസറുകളുമായി ചേർന്നാണ് ഇത്തരമൊരു നിരക്കിലേക്ക് സേവനമെത്തിക്കാൻ സാധിച്ചതെന്ന് ഡിജിബോക്സ് സിഇഒ അർണബ് മിത്ര പറഞ്ഞു. നാലുതരം സ്റ്റോറേജ് പ്ലാനുകളാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. സൗജന്യമായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 20 ജിബി സ്റ്റോറേജ് ലഭിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകൾ അപ്ലോഡ് ചെയ്യാനും സാധിക്കും. വ്യക്തികൾക്കും ഫ്രീലാൻസർമാർക്കുമായുള്ള 30 രൂപ പ്ലാനിൽ 100 ജിബി സ്റ്റോറേജും 90 രൂപ പ്ലാനിൽ 500 ജിബി സ്റ്റോറേജും 120 രൂപ പ്ലാനിൽ 1 ടിബി സ്റ്റോറേജും 199 രൂപ പ്ലാനിൽ 2 ടിബി സ്റ്റോറേജുമാണ് ലഭിക്കുക. ചെറുകിട വ്യവസായികൾക്കുള്ള 999 രൂപ മുതൽ 3,499 രൂപ വരെയുള്ള പ്ലാനിൽ 500 ജിബി മുതൽ 5 ടിബി വരെയുള്ള സ്റ്റോറേജാണ് ലഭിക്കുക. ഇതിനുപുറമേ കസ്റ്റം സ്റ്റോറേജ് പ്ലാനുകളിൽ 500 ഉപഭോക്താക്കളെ വരെ ഉൾപ്പെടുത്തി ആവശ്യമുള്ള സ്റ്റോറേജ് ആവശ്യപ്പെടാം. വലിയ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ഈ ഒരു പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.