
ഡെസ്ക്ടോപ്പ് ഉപഭോക്താക്കൾക്ക് വീഡിയോ കോളുകൾക്കിടയിൽ അവരുടെ പശ്ചാത്തലം മാറ്റാൻ അനുവദിക്കുന്ന പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ മീറ്റ്. ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്ഥിരസ്ഥിതി ചിത്രങ്ങളും പ്ലാറ്റ്ഫോം അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ ഓഫീസ് സ്പേസ്, ലാൻഡ്സ്കേപ്പുകൾ, അബ്സ്ട്രാക്റ്റ് ബ്ലാക്ക് ഡ്രോപ്പ് എന്നിവ ഉൾപ്പെടുന്നു. ഒപ്പം ഉപഭോക്താവിന്റെ സ്വന്തം ഇമേജ് പശ്ചാത്തലമായി അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഘട്ടംഘട്ടമായാണ് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങുക.

ഗൂഗിൾ മീറ്റിന്റെ പ്രധാന എതിരാളിയായ സൂം ഈ സവിശേഷത അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ പുത്തൻ ഫീച്ചർ ക്രോം ഒഎസിലും വിൻഡോസ്, മാക് ഡെസ്ക്ടോപ് എന്നീ ഉപകരണങ്ങളിലെ ക്രോം ബ്രൗസറിലും പ്രവർത്തിക്കും. ഈ പുത്തൻ ഫീച്ചർ പ്രവർത്തിപ്പിക്കുന്നതിന് ഒരു എക്സ്റ്റൻഷനോ അധിക സോഫ്റ്റ്‌വെയറോ ആവശ്യമില്ല. മൊബൈൽ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് ഈ പുത്തൻ ഫീച്ചർ ഉടൻ തന്നെ ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ ഉപഭോക്താക്കൾ സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ഇമേജ് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല.