
ലാപ്ടോപ് നിർമാതാക്കളായ ഡെൽ പുതിയ ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 15 എഫ്എച്ച്ഡി ആൻറി ഗ്ലെയർ ഡിസ്പ്ലേയും കനംകുറഞ്ഞ പ്രൊഫൈലുകളുമുള്ള ഡെൽ ജി7 15 ലാപ്ടോപ്പാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്റലിൻറെ പത്താം തലമുറ കോർ പ്രൊസസറുകളും എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് ഗ്രാഫിക്സ് കാർഡുമാണ് ഇതിന് കരുത്തേകുന്നത്. ഇത് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ചില ഓൺലൈൻ സ്റ്റോറുകളിലും ഇപ്പോൾ വില്പനയ്ക്ക് ലഭ്യമാണ്.

വെറും 18.3 മില്ലിമീറ്റർ മിനറൽ ബ്ലാക്ക് ചേസിസ്, ഇറിഡിസെൻറ് സിൽവർ ആക്സൻറ്, ആർജിബി WASD കീബോർഡ്, 12 സോൺ ചെസിസ് ലൈറ്റിങ് എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഉപഭോക്താക്കളെ ദിവസത്തെ ജോലികളിൽ നിന്ന് ഒരു ഗെയിമിംഗ് സെഷനിലേക്ക് മാറ്റി റിലാക്സ് ചെയ്യിക്കുന്നതിന് ഇത് ഫലപ്രദമാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
16 ജിബി റാമും 1 ടിബിഎസ്ഡിയുള്ള കോർ ഐ7, 16 ജിബി റാമും 1 ടിബിഎസ്എസ്ഡിയുള്ള കോർ ഐ9 എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ ലാപ്ടോപ്പ് വിപണിയിലെത്തുന്നത്.കോർ ഐ7 വേരിയന്റിന് 1,61,990 രൂപയും കോർ ഐ9 വേരിയന്റിന് 2,07,990 രൂപയുമാണ് വില. മിനറൽ ബ്ലാക്ക് ഓപ്ഷനിലാണ് ഇത് ലഭ്യമാക്കുന്നത്.ഗെയിമിംഗ് ലാപ്ടോപ്പാണെങ്കിലും ഇതിൽ വിൻഡോസ് 10 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.1,920×1,080 പിക്സൽ റെസലൂഷനുള്ള 15 ഇഞ്ച് ഫുൾ എച്ച് ഡി സ്ക്രീനാണ് ഇതിന് നൽകിയിരിക്കുന്നത്.