
കഴിഞ്ഞ 12 മാസത്തിനിടെ 2.7 കോടിയിലധികം ഇന്ത്യയ്ക്കാരുടെ വ്യക്തിവിവരങ്ങൾ (ഐഡന്റിറ്റി) മോഷണം പോയിട്ടുണ്ടെന്നും 52 ശതമാനം ഇന്ത്യയ്ക്കാർക്കും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കണമെന്ന് അറിയില്ലെന്ന് സമ്മതിച്ചതായും നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും വന്നതോടെ സൈബർ കുറ്റവാളികളുടെ എണ്ണവും കൂടി. കഴിഞ്ഞ 12 മാസത്തിനിടെ കൂടുതൽ ഇന്ത്യയ്ക്കാർ ഐഡന്റിറ്റി മോഷണത്തിന് ഇരയായി. ഭൂരിഭാഗം പേരും ഡേറ്റാ സ്വകാര്യതയെക്കുറിച്ച് ആശങ്കാകുലരാണെന്ന് നോർട്ടൺ ലൈഫ് ലോക്കിന്റെ ഇന്ത്യയിലെ സെയിൽസ് ആൻഡ് ഫീൽഡ് മാർക്കറ്റിങ് ഡയറക്ടർ റിതേഷ് ചോപ്ര പറഞ്ഞു.പല ഇന്ത്യൻ ഉപഭോക്താക്കളും (90 ശതമാനം) തങ്ങളുടെ ഡേറ്റ പരിരക്ഷിക്കുന്നതിനു സജീവമായ നടപടികൾ കൈക്കൊള്ളുമ്പോൾ, അഞ്ചിൽ രണ്ടുപേർ ഇപ്പോഴും അവരുടെ സ്വകാര്യത (42 ശതമാനം) സംരക്ഷിക്കുന്നത് അസാധ്യമാണെന്ന് കരുതുന്നവരാണെന്നും കണ്ടെത്തി. ഇതിനാൽ ഉപയോക്താക്കൾ വിദഗ്ദ്ധോപദേശം തേടേണ്ടതും അവരുടെ ഓൺലൈൻ സ്വകാര്യത പരിരക്ഷിക്കുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളണമെന്നും ചോപ്ര കൂട്ടിച്ചേർത്തു.ഇന്ത്യയിലെ മുതിർന്നവരിൽ 63 ശതമാനം പേരും കോവിഡ് -19 മഹാമാരി ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതായും റിപ്പോർട്ടിലുണ്ട്.