
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എസ് ബി ബാങ്ക് ഇക്കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച പാദത്തിൽ 53.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28.1 കോടി രൂപയായിരുന്നു ബാങ്കിൻറെ അറ്റാദായം. ഈ നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ 175.5 കോടിരൂപയാണ് ബാങ്കിൻറെ അറ്റാദായം.

സാമ്പത്തിക മേഖലയിൽ ഈ അടുത്തകാലത്തുണ്ടായ തിരിച്ചുവരവ് ബാങ്കിംഗ് മേഖലയിൽ ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് സി എസ് ബി ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ രാജേന്ദ്രൻ പറഞ്ഞു. റീട്ടെയിൽ മേഖലയ്ക്കുള്ള സമ്പൂർണ്ണ പദ്ധതികളുമായി പ്രത്യേക വിഭാഗം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിൻറെ മൊത്തം നിഷ്ക്രിയ ആസ്തി 2020 സെപ്റ്റംബർ 30 ലെ 387 കോടി രൂപയിൽ നിന്ന് ഇന്ന് 2020 ഡിസംബർ 31 ന് 235 കോടി രൂപയായി താഴ്ന്നിട്ടുണ്ട്.