
വാക്സിൻ ലഭിച്ചിട്ട് വേണം ഒന്ന് പുറത്തിറങ്ങി വിലസാൻ എന്ന് കരുതുന്നവരായിരിക്കും പലരും. എന്നാൽ വാക്സിൻ സ്വീകരിച്ചശേഷം പുറത്തിറങ്ങണമെങ്കിൽ വാക്സിൻ പാസ്പോർട്ട് അപ്ലിക്കേഷൻ കയ്യിൽ വയ്ക്കേണ്ടി വരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. നിരവധി കമ്പനികളും ടെക്നോളജി ഗ്രൂപ്പുകളും ഇപ്പോ തന്നെ അതിനുള്ള സ്മാർട്ട് ഫോൺ ആപ്പുകളോ, തങ്ങൾ വാക്സിൻ എടുത്തുവെന്ന് തെളിയിക്കാനുള്ള രേഖകൾ സൂക്ഷിക്കാനുള്ള സിസ്റ്റങ്ങളോ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ്.

തങ്ങൾ സ്വീകരിച്ച കോവിഡ്-19 ടെസ്റ്റുകളെക്കുറിച്ചും വാക്സിനുകളെ കുറിച്ചുമുള്ള വിവരങ്ങൾ വ്യക്തികൾക്ക് ഡിജിറ്റലായി സൂക്ഷിക്കാനും അധികാരികൾ ആവശ്യപ്പെടുമ്പോൾ നൽകാനുമുള്ള രീതിയിലായിരിക്കും ഇവ വികസിപ്പിക്കുക. കായിക വിനോദങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ, സിനിമ തീയറ്ററുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവയിലേക്ക് പ്രവേശിക്കാൻ ഇവ നിർബന്ധമാക്കിയേക്കാം. യാത്ര ചെയ്യുന്നവർ അത് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഇത് കാണിക്കേണ്ടതായി വന്നേക്കാം.