Big B
Trending

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ല

രാജ്യത്ത് കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രണ്ടക്ക സാമ്പത്തിക വളർച്ച അത്ര എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തൽ. ജനുവരിയിൽ ഐ.എം.എഫ്. പുറത്തുവിട്ട റിപ്പോർട്ടിൽ വളർച്ചാ നിഗമനം 11.5 ശതമാനമായിരുന്നു. എന്നാൽ, ആഗോളതലത്തിൽത്തന്നെ കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഈ വളർച്ചയിലേക്കെത്തുമോ എന്നത് സംശയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം.


തലസ്ഥാന നഗരമായ ഡൽഹിയിൽ വിപണി നിശ്ചലമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്ന, രാജ്യത്തിന്റെ സാമ്പത്തിക ഹബ്ബ് കൂടിയായ മുംബൈ നഗരത്തിലെ സ്ഥിതിയും മറിച്ചല്ല.അതേസമയം, ഇതുവരെയും രാജ്യവ്യാപകമായി ഒരു ലോക്ഡൗണിനുള്ള സൂചനകളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടില്ല. സംസ്ഥാന സമ്പദ് വ്യവസ്ഥകൾ തുറന്നിടാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, നേരത്തെ നടത്തിയിട്ടുള്ള വളർച്ചാ നിഗമനങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 12.8 ശതമാനം വളരുമെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ ‘ഫിച്ച്’ വ്യക്തമാക്കുന്നു. ആർ.ബി.ഐ.യും തങ്ങളുടെ 10.5 ശതമാനം വളർച്ച നിലനിർത്തുന്നുണ്ട്. എങ്കിലും കോവിഡ് കേസുകൾ ഉയരുന്നത് വിപണിയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും വളർച്ച വീണ്ടെടുക്കുന്നതിൽ കാലതാമസം നേരിട്ടേക്കുമെന്നും ഇരു വൃത്തങ്ങളും പറയുന്നുണ്ട്.

Related Articles

Back to top button