Auto
Trending

ഒടുവില്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കാനൊരുങ്ങി ഹീറോയും

ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഗതാഗത മാർഗമെന്ന് ലോകത്താകമാനമുള്ള വാഹന നിർമാതാക്കൾ അംഗീകരിച്ച് കഴിഞ്ഞു.ഇന്ത്യയിൽ ഇലക്ട്രിക് ടൂ വീലറുകളാണ് നിലവിൽ കരുത്താർജിക്കുന്നത്. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്, ടി.വി.എസ് തുടങ്ങിയ കമ്പനികളെല്ലാം ഇലക്ട്രിക് ടൂ വീലറുകൾ പുറത്തിറക്കി കഴിഞ്ഞു.എന്നാൽ, ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇതുവരെയും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കടന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹീറോയും ഇലക്ട്രിക് ടു വീലർ നിർമാണത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് വിവരം. 2022-ൽ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനത്തെ നിരത്തിൽ പ്രതീക്ഷിക്കാനും.


ഇലക്ട്രിക് ടൂ വീലറിന്റെ നിർമാണത്തിനായി തായ്വാനിലെ ഗോഗോറോ എന്ന ബാറ്ററി നിർമാണ കമ്പനിയുമായി ഹീറോ സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗോഗോറോ തായ്വാനിൽ ഇലക്ട്രിക് സ്കൂട്ടറുകളും നിർമിക്കുന്ന കമ്പനിയാണ്. ഇരുകമ്പനിയുടെയും സഹകരണത്തിൽ 2022 ജനുവരിക്കും മാർച്ചിനുമിടയിൽ ഹീറോയുടെ ഇലക്ട്രിക് ഇരുചക്ര വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തിയേക്കും.അതേസമയം, ഹീറോയുടെ തന്നെ ഫിക്സഡ് ബാറ്ററി സ്കൂട്ടറുകൾ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. മാറ്റി സ്ഥാപിക്കാൻ സാധിക്കുന്ന ബാറ്ററിക്കായാണ് ഗോഗോറോയുമായി സഹകരിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇന്ത്യക്കായി ഹീറോ ഒരുക്കുന്നത് ഇലക്ട്രിക് ബൈക്കാണോ, സ്കൂട്ടറാണോയെന്ന കാര്യത്തിലും ഇപ്പോഴും അനിശ്ചിതത്വം നിലവിൽക്കുന്നുണ്ട്.കോവിഡ് രാണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഹീറോയുടെ വാഹന നിർമാണ പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 22 മുതൽ മേയ് ഒന്ന് വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും സാഹചര്യം കൂടുതൽ മോശമായതിനെ തുടർന്ന് അടച്ചിടൽ മേയ് 16 വരെ നീട്ടിയിരിക്കുകയാണ്.

Related Articles

Back to top button