
വാട്സാപ്പിലെ പുതിയ പ്രൈവസി പോളിസി അപ്ഡേറ്റിനെതിരെ ആഗോളതലത്തിൽ വ്യാപകമായി വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാട്സ്ആപ്പ് ചാറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വിവിധ കമ്പനികൾ. സ്റ്റാർട്ട്അപ്പ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘങ്ങൾ തുടങ്ങിയവർ ആശയവിനിമയങ്ങൾക്കായി സിഗ്നൽ ആപ്പ് തിരഞ്ഞെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

വാട്സ്ആപ്പ് പെയ്മെൻറിന്റെ വരവ് വെല്ലുവിളി സൃഷ്ടിച്ച പേറ്റിഎം, ഫോൺ പേ തുടങ്ങിയ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരോടെല്ലാം വാട്സ്ആപ്പ് ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. നവീൻ ജിൻഡാൽ നേതൃത്വത്തിലുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവറും വാട്സ്ആപ്പ് ഉപേക്ഷിക്കുകയാണ്. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്ന പ്രൈവസി പോളിസി അപ്ഡേറ്റാണ് വലിയ വിവാദം സൃഷ്ടിച്ചത്. നിബന്ധന അംഗീകരിക്കുക അല്ലെങ്കിൽ ഡിലീറ്റ് ചെയ്യുക എന്നതാണ് വാട്സാപ്പിന്റെ നിലപാട്. അതേസമയം ഈ അവസരം വാട്സാപ്പിന്റെ എതിരാളികൾ പ്രയോജനപ്പെടുത്തുന്നുമുണ്ട്.