
രാജ്യത്തെ ഓഹരിവിപണിയുടെ കുതിപ്പിന്റെ കരുത്തിൽ ഐപിഒ വിപണിയും സജീവമാകാനൊരുങ്ങുന്നു. ഇപ്പോൾ എഴുപതോളം കമ്പനികളാണ് ഓഹരികളുടെ ആദ്യ പൊതു വില്പന (ഐപിഒ) നടത്താൻ തയ്യാറെടുക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തികരംഗത്ത് അനുഭവപ്പെട്ട മാന്ദ്യം പല കമ്പനികളെയും ഐപിഒയിൽ നിന്ന് പിന്നോട്ട് വലിച്ചിരുന്നു. എന്നാൽ സാമ്പത്തിക രംഗത്തുണ്ടായ ഉണർവിന്റെ പശ്ചാത്തലത്തിലാണ് കമ്പനികൾ ഒരുക്കങ്ങൾ പുനരാരംഭിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഏതാനും കമ്പനികളും ഐപിഒ വിപണിയിലെത്തുന്നുണ്ട്.

ഐപിഒ ഒരുക്കത്തിനുള്ള കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ( എൽ ഐ സി) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ( എൻ എസ് ഇ) എന്നിവ പോലുമുണ്ട്. വിപണിയിലെ വലിയ അളവിലുള്ള പണലഭ്യതയാണ് കമ്പനികളെ ഐപിഒ മാർഗം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിംഗ് അവസരം ലഭിക്കുക എന്നതും കമ്പനികൾക്ക് അനുകൂല ഘടകമാണ്.നാഷണൽ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച്,ബർജർ കിംഗ് ഇന്ത്യ, ബജാജ് എനർജി,സാംഹി ഹോട്ടൽസ് തുടങ്ങിയ കമ്പനികളും ഓഹരികളുടെ ആദ്യ പൊതു വിൽപ്പനയ്ക്കായുള്ള ഒരുക്കത്തിലാണ്.