
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് നിര്‍മാതാക്കളില്‍ ഒന്നാകുക എന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്കെല്ലാം 100 കോടി ഡോളറിലേറെ (ഏകദേശം 7320.75 കോടി രൂപ) പ്രോത്സാഹനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ചൈന, തായ്‌വാൻ പോലുളള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാൻ ലക്ഷ്യമിട്ടുളളതാണ് ഈ പദ്ധതി.

കേന്ദ്രത്തിന്റെ ഏറ്റവും പുതിയ തന്ത്രപരമായ നീക്കം നോക്കിയാല്‍ മനസ്സിലാകുന്നത് രാജ്യത്ത് ചിപ്പ് നിര്‍മാണം എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ്. രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന ഓരോ കമ്പനിക്കും 100 കോടി ഡോളറിലേറെ പണമായി നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതായി മുതിര്‍ന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.ഇലക്ട്രോണിക്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു കിട്ടാന്‍ ചൈനയെ ആശ്രയിക്കുന്ന രീതിക്ക് അറുതിവരുത്താനും പുതിയ നീക്കത്തിനാകുമെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യ നേരത്തെ ചിപ്പ് നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലായ്മ, വൈദ്യുതി പ്രതിസന്ധി, ഉദ്യോഗസ്ഥരുടെ പിടിവാശികൾ, വേണ്ടത്ര പ്ലാനിങ്ങില്ലായ്മ എന്നിവ ചൂണ്ടിക്കാണിച്ചാണ് വന്‍കിട കമ്പനികള്‍ പോലും അത്തരമൊരു പരീക്ഷണത്തിനില്ലെന്നു പറഞ്ഞത്.