Auto
Trending

കവാസാക്കി എലിമിനേറ്റര്‍ അവതരിപ്പിച്ചു

1985 മുതല്‍ കവാസാക്കിക്കൊപ്പമുണ്ടായിരുന്ന കവാസാക്കി എലിമിനേറ്റർ തിരിച്ചെത്തിക്കുകയാണ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളിലെ അതികായരായ കവാസാക്കി. ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് 400 സി.സി. ശേഷിയുമായാണ് 2023 എലിമിനേറ്റര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. കവാസാക്കിയുടെ ജന്മനാടായ ജപ്പാനിലാണ് എലിമിനേറ്റര്‍ 400 എന്ന ഈ ക്രൂയിസര്‍ ബൈക്ക് എത്തിയിരിക്കുന്നത്.മറ്റ് വിപണികളിലേക്കും ഈ ബൈക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എലിമിനേറ്ററിന്റെ പരമ്പരാഗത ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെ പുതുതലമുറ ബൈക്കുകളില്‍ നല്‍കുന്ന ഫീച്ചറുകള്‍ ഒരുക്കിയാണ് എലിമിനേറ്റര്‍ 400 ജാപ്പനീസ് വിപണിയില്‍ എത്തുന്നതെന്നാണ് വിവരം. ക്രൂയിസര്‍ ഭാവങ്ങള്‍ കോര്‍ത്തിണക്കി ഫുള്‍ ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്. കൗള്‍ നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, അലോയി വീല്‍, മസ്‌കുലര്‍ ഭാവമുള്ള പെട്രോള്‍ ടാങ്ക്, ത്രി ഡി എലിമിനേറ്റര്‍ ബാഡ്ജിങ്ങ്, സ്പ്ലിറ്റ് ആയി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ഈ ബൈക്കിന് ക്രൂയിസര്‍ ഭാവം ഒരുക്കുന്നത്.

വൃത്താകൃതിയിലാണ് ഈ വാഹനത്തിലെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡിയിലാണ് ഈ സ്‌ക്രീന്‍ തീര്‍ത്തിരിക്കുന്നത്. സ്പീഡോ മീറ്റര്‍, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍, വാണിങ്ങ് ലൈറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ നല്‍കുന്നുണ്ട്. മറ്റ് ക്രൂയിസര്‍ ബൈക്കുകള്‍ക്ക് സമാനമായി വലിയ ഹാന്‍ഡില്‍ ബാറുകളാണ് ഈ ബൈക്കിലും നല്‍കിയിട്ടുള്ളത്. ടൂബുലാര്‍ ഷാസിയിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. 398 സി.സി. പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 37 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മുന്നില്‍ 18 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 16 ഇഞ്ച് വലിപ്പമുള്ളതുമായ ടയറുകളാണ് എലിമിനേറ്ററില്‍ നല്‍കിയിട്ടുള്ളത്. സ്റ്റാന്റേഡ്, എസ്.ഇ. എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന എലിമിനേറ്റര്‍ 400-ന് ഇന്ത്യന്‍ രൂപ ഏകദേശം 4.64 ലക്ഷത്തോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button