
പുതുതായി ഒരുകൂട്ടം ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ആപ്പുകളുടെ സമഗ്രമായ പട്ടിക ഇല്ലാത്തതിനാലാണ് ഒറ്റയടിക്ക് നിരോധിക്കാത്തത്. അതുകൊണ്ടുതന്നെ ആപ് സ്റ്റോറുകളിൽ ആളുകളുടെ ശ്രദ്ധനേടുകയും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ചൈനീസ് ആപ്പുകൾ തിരഞ്ഞെടുത്ത് നിരീക്ഷിച്ചുവരികയാണിപ്പോൾ. കർശനമായ നിരീക്ഷണം പൂർത്തിയായാൽ നടപടി സ്വീകരിക്കും.

നവംബർ 24നായിരുന്നു ഏറ്റവും ഒടുവിലായി ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ആലിബാബ വർക്ക് ബെഞ്ച് ഉൾപ്പെടെ 43 ചൈനീസ് ആപ്ലിക്കേഷനുകളായിരുന്നു അന്ന് നിരോധിക്കപ്പെട്ടത്. രാജ്യത്തിൻറെ സുരക്ഷ, ഐക്യം, പ്രതിരോധം, സാമൂഹ്യക്രമം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന ആപ്ലിക്കേഷനുകളെയും ഉള്ളടക്കങ്ങളെയും ബ്ലോക്ക് ചെയ്യാൻ അധികാരം നൽകുന്ന ഐടി ആക്ട് 69 എ അടിസ്ഥാനമാക്കിയാണ് ഈ നടപടികൾ സ്വീകരിച്ചു വരുന്നത്. ഈ അനുച്ഛേദപ്രകാരം മരം മുന്നറിയിപ്പില്ലാതെ നടപടിയെടുക്കാനാകും. കൂടാതെ ഒരു ഇടക്കാല ആശ്വാസത്തിനായി കമ്പനികൾക്ക് കോടതികളെ സമീപിക്കാൻ സാധിക്കില്ല. അതേസമയം, രാജ്യത്ത് നിരോധിച്ച പല ആപ്ലിക്കേഷനുകളും വിപിഎൻ വഴി വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾ ക്കെതിരെ നിരന്തരമായ പരിശോധന നടത്തി വരികയാണ്.