
കസെറ്റുകളുടെയും സിഡികളുടെയും കണ്ടുപിടിത്തത്തിനു ചുക്കാൻ പിടിച്ച ഡച്ച് എൻജിനീയർ ലൂ ഓറ്റെൻസ് കഴിഞ്ഞ ദിവസം വിടപറഞ്ഞു. 94 വയസ്സുണ്ടായിരുന്ന അദ്ദേഹം നെതർലൻഡ്‌സിലെ ബ്രബാന്റിലുള്ള തന്റെ വീട്ടിൽ വച്ചാണ് വാർധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്.

സംഗീതത്തെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഓറ്റെൻസ് നൽകിയ സംഭാവന പകരം വയ്ക്കാനാകാത്തതാണ്.ഓറ്റെൻസ് ഗവേഷണം തുടങ്ങുന്ന കാലത്തിനു മുൻപ് ഒരുപാട് വലുപ്പമുള്ള റീൽ ടു റീൽ ടേപ്പ് സംവിധാനമായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്.ഇതിന്റെ സൗകര്യമില്ലായ്മയാണ് പോക്കറ്റിൽ വയ്ക്കാവുന്ന കസെറ്റ് എന്ന ആശയത്തിലേക്കു ഓറ്റെൻസിനെ നയിച്ചത്. 1963ൽ കസെറ്റുകൾ പുറത്തിറങ്ങി. ഒരു സിഗരറ്റ് പായ്ക്കറ്റിനേക്കാൾ ചെറുത് എന്ന മുഖവുരയോടെയാണ് ഇവ പുറത്തിറങ്ങിയത്. വൻവിപ്ലവം സൃഷ്ടിച്ച ഈ കസെറ്റുകൾ പിന്നീട് ജപ്പാനിലെ സോണി കമ്പനിയും ഏറ്റെടുത്തു.പതിനായിരം കോടി കസെറ്റുകൾ ലോകത്തു വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. കസെറ്റുകൾക്ക് ശേഷം ലോകമാകെ മാറ്റിമറിച്ച സിഡി യുഗത്തിനും തുടക്കമിട്ടത് ഓറ്റെൻസാണ്.1978ൽ തന്നെ കോംപാക്റ്റ് ഡിസ്‌ക് എന്ന ആശയം ഫിലിപ്‌സ് കമ്പനി രൂപീകരിച്ചിരുന്നു. ഓറ്റെൻസിനായിരുന്നു ഇതിന്‌റെയും നേതൃത്വചുമതല. ജാപ്പനീസ് കമ്പനിയായ സോണിയുമായി ഫിലിപ്‌സ് സഹകരിച്ചാണു സിഡി എന്ന ആശയം പൂർണതയിലെത്തിച്ചത്. 12 സെന്‌റിമീറ്റർ വ്യാസത്തിൽ 74 മിനിറ്റോളം ശബ്ദം റിക്കോർഡ് ചെയ്യാവുന്ന സിഡിയാണ് ആദ്യം പുറത്തിറങ്ങിയത്. ഇതോടെ കസെറ്റ്, ടേപ് യുഗത്തിന്‌റെ അവസാനമായെന്നു ഓറ്റെൻസ് പ്രഖ്യാപിച്ചു.കസെറ്റുകൾ വിറ്റതിന്‌റെ രണ്ടര ഇരട്ടി അധികം സിഡികൾ ലോകത്തു വിറ്റിട്ടുണ്ടെന്നാണു കണക്ക്.അടിമുടി ഒരു എൻജിനീയറായിരുന്നു ഓറ്റെൻസ് എന്നും പുതുമയെ സ്‌നേഹിച്ച സാങ്കേതികവിദഗ്ധനാണ്.