
കമ്പനി ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. ‘2023 മാർച്ചിനുള്ളിൽ കമ്പനിയെ ലാഭത്തിലാക്കാൻ ഞങ്ങൾ ഒരു വഴി ഒരുക്കുകയാണ്. ബ്രാൻഡിനെക്കുറിച്ച് ഇന്ത്യയിൽ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തിൽ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നത്’, കമ്പനിയുടെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു.അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക അവർ വ്യക്തമാക്കി.2020- 21 കാലയളവിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. 2019- 20നേക്കാൾ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിൽ 2,511 കോടിയിൽ (സാമ്പത്തിക വർഷം 2020) നിന്ന് 2,428 കോടിയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.