
ബിഎസ്എൻഎല്ലും സ്കൈലോടെക് ഇന്ത്യയും ചേർന്ന് സാറ്റലൈറ്റ് അധിഷ്ഠിത എൻബി-ഐഒടിയ്ക്ക് (നാരോ ബാൻഡ്-ഇൻറർനെറ്റ് ഓഫ് തിങ്സ്) തുടക്കമിട്ടു. ആദ്യഘട്ടത്തിൽ കർഷകർ, ആഴക്കടൽ മീൻപിടുത്തക്കാർ, നിർമ്മാണമേഖല, ഖനനം, ലോജിസ്റ്റിക് സ്ഥാപനങ്ങൾ എന്നിവയ്ക്കായിരിക്കും സേവനം ലഭ്യമാവുക.

രാജ്യത്തിൻറെ വിദൂര ഭാഗങ്ങളിലും സമുദ്രാതിർത്തികളിലുമുള്ള ഇൻറർനെറ്റ് ഇല്ലാത്ത മെഷീനുകൾ, സെൻസറുകൾ, വ്യാവസായിക ഐഒടി ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെടാനും ഡാറ്റ കൈമാറാനും ഇതിലൂടെ സാധിക്കും. ഇതിൻറെ പ്രവർത്തന പരീക്ഷണങ്ങൾ വിജയകരമായി ഇതിനകംതന്നെ പൂർത്തിയാക്കിക്കഴിഞ്ഞു. സ്കൈലോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ബിഎസ്എൻഎല്ലിന്റെ സാറ്റലൈറ്റ് ഗ്രൗണ്ട് സൗകര്യങ്ങളുമായി സഹകരിച്ച് ലഭിക്കുന്നത്. ചെറിയ പെട്ടിയുടെ രൂപത്തിലുള്ള സ്കൈലോ യൂസർ ടെർമിനൽ സെൻസറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് സ്കൈലോ ശൃംഖലയിലേക്കും അതുവഴി ഉപഭോക്താക്കളിലേക്കും വിവരങ്ങൾ എത്തിക്കുന്നതാണ് ഇതിൻറെ പ്രവർത്തനരീതി. മറ്റൊരു രാജ്യത്തുമില്ലാത്ത ഈ സേവനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ മത്സ്യത്തൊഴിലാളികളും കർഷകരും ഖനി തൊഴിലാളികളും ലോജിസ്റ്റിക്സ് കമ്പനികളുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.