
ദസറ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർ ഈ ബോണസ് ആനുകൂല്യത്തിന് അർഹരാണ്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി വകയിരുത്തിയിരിക്കുന്നത്.

വിജയദശമിക്ക് മുൻപ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസുകൾ ജീവനക്കാർക്ക് വിതരണം ചെയ്യുക. റെയിൽവേ, പോസ്റ്റ് ഓഫീസ്, ഇഎസ്ഐസി, ഇപിഎഫ്ഒ തുടങ്ങിയവയിലെ ജീവനക്കാർ ബോണസിന് അർഹരാണ്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ജീവനക്കാർക്ക് നൽകുന്ന ഈ ബോണസ് വിപണിയിലെത്തുന്നതോടെ അത് സമ്പദ്ഘടനക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.