Auto
Trending

ഇന്ത്യന്‍ നിരത്തിലേക്ക് മിനിയുടെ ഇ-കാര്‍ എത്തുന്നു

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയിലുമെത്തുന്നു. അവതരണത്തിന്റെ സൂചന നൽകി ഉടൻ വരുന്നു എന്ന തലക്കെട്ടോടെ മിനിയുടെ ആദ്യ ഇലക്ട്രിക് മോഡലിന്റെ ചിത്രങ്ങൾ നിർമാതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 2019-ലാണ് മിനി കൂപ്പർ എസ്.ഇ. എന്ന പേരിൽ ഈ ഇലക്ട്രിക് മോഡൽ ആഗോള വിപണിയിൽ എത്തിയത്. ബി.എം.ഡബ്ല്യു. ഗ്രൂപ്പിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് മോഡലായിരുന്നു ഇത്.മിനി ഇന്ത്യയിൽ എത്തിക്കുന്ന ഇലക്ട്രിക് മോഡലിന്റെ ടീസർ പുറത്തിറക്കിയെങ്കിലും അവതരണം ദിവസം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. വരും ആഴ്ചകളിൽ ഈ വാഹനം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മിനി കൂപ്പർ ത്രീ ഡോർ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പർ എസ്.ഇ. ഇലക്ട്രിക് വിപണിയിൽ എത്തിയത്. പെട്രോൾ മോഡലുമായി രൂപ സാദൃശ്യമുള്ള ഈ വാഹനം ഇലക്ട്രിക് ആയതിന്റെ നേരിയ മാറ്റങ്ങളും പ്രകടിപ്പിച്ചിരുന്നു. സാധാരണ ഇലക്ട്രിക് വാഹനങ്ങൾക്ക് സമാനമായി ഗ്രില്ല് എന്ന ഭാഗം ഇതിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ക്രോമിയം ബോർഡറാണ് ഈ ഭാഗത്ത് നൽകിയിട്ടുള്ളത്. റെഗുലർ മോഡിൽ നൽകിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങ് ആയിരിക്കും മുന്നിൽ നൽകുക. റെഗുലർ മിനി മോഡലുകൾക്ക് സമാനമായ ഹെഡ്ലാമ്പ്, റൗണ്ട് ഡി.ആർ.എൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ്, റൗണ്ട് റിയർവ്യൂ മിറർ, പുതിയ അലോയി വീൽ എന്നിവയാണ് ഡിസൈനിൽ നൽകിയിട്ടുള്ള പുതുമകൾ.അകത്തളം ത്രീ ഡോർ മിനി കുപ്പർ മോഡലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിനിയുടെ റെഗുലർ മോഡലിൽ നൽകിയിട്ടുള്ളതിന് സമാനമായ മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ ഈ മോഡലിലും സ്ഥാനം പിടിക്കും. അകത്തളം കൂടുതൽ ആകർഷകമാക്കുന്നതിനായി ഡാഷ്ബോർഡിൽ ഉൾപ്പെടെ വിവിധ ആക്സെന്റുകളും സ്ഥാനം പിടിച്ചെക്കും.റെഗുലർ മോഡലിനെക്കാൾ 145 അധികഭാരമാണ് ഇലക്ട്രിക് മോഡലിനുള്ളത്.181 ബി.എച്ച്.പി. പവറും 270 എൻ.എം. ടോർക്കുമേകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പർ എസ്.ഇ. മോഡലിൽ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഇതിൽ നൽകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 270 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 150 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 7.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും.

Related Articles

Back to top button