Tech
Trending

ബ്ലാക്ക്‌ബെറി യുഗം അവസാനിച്ചു

ബ്ലാക്ക്ബെറി ഫോണുകൾ 2022 ജനുവരി നാലിന് പ്രവർത്തനം അവസാനിപ്പിച്ചു. ഒരുകാലത്ത് മൊബൈൽഫോൺ വിപണിയിലെ രാജാവായി വാണ ബ്രാൻഡ് ആണ് ഇന്ന് ഒന്നുമല്ലാതായി വിപണി വിടുന്നത്. 2020 ൽ തന്നെ ബ്ലാക്ക് ബെറി പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.ഉദ്യോഗസ്ഥർക്കിടയിലും യുവാക്കൾക്കിടയിലും ബ്ലാക്ക് ബെറിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിലെ കീബോർഡും ബ്ലാക്ക്ബെറി മെസെഞ്ചർ സേവനവും ആ സ്വീകാര്യത വർധിക്കുന്നതിനിടയാക്കി.കാനഡയിലെ ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ക്ബെറി ലിമിറ്റഡ് എന്ന കമ്പനി മുമ്പ് റിസർച്ച് ഇൻ മോഷൻ അഥവാ റിം (RIM) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജർ നിർമിച്ച് തുടങ്ങിയ കമ്പനി പതിയ മൊബൈൽ ഫോൺ നിർമാണ രംഗത്തേക്ക് വരികയും അക്കാലത്തെ വിലകൂടിയ മൊബൈൽഫോൺ ബ്രാൻഡായി വളരുകയും ചെയ്തു. അക്കാലത്തെ അമേരിക്കയിലെ ഏറ്റവും മൂല്യവും സ്വാധീനവുമുള്ള മൊബൈൽ ഫോൺ ബ്രാൻഡായിരുന്നു റിം.ബ്ലാക്ക് ബെറിയുടെ യുഗാന്ത്യത്തിന് തുടക്കമിട്ടത് ആപ്പിൾ ഐഫോൺ അവതരിപ്പിച്ചതോടുകൂടിയാണ്. ബ്ലാക്ക് ബെറി ഫോണുകളിലും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിലുമെല്ലാം ഉണ്ടായിരുന്ന ഫിസിക്കൽ കീബോർഡുകൾ എടുത്തുകളഞ്ഞ് വലിയ ടച്ച് സ്ക്രീനോടുകൂടിയ ഫോൺ ആപ്പിൾ അവതരിപ്പിച്ചു.ആപ്പിളിന്റെ ഈ നീക്കത്തെ കാര്യമാക്കാതിരുന്ന റിം തങ്ങളുടെ ബ്ലാക്ക് ബെറി മൊബൈൽ ഫോണുകൾ പഴയ പടി തന്നെ ഇറക്കി. വിപണിയിലെ മാറ്റത്തെ തിരിച്ചറിയാതിരിക്കുകയും വിലകുറച്ചു കാണുകയും ചെയ്തതാണ് ബ്ലാക്ക് ബെറിയ്ക്ക് വെല്ലുവിളിയായത്.പിന്നീട് ടച്ച് സ്ക്രീൻ ഫോണുകൾ അവതരിപ്പിക്കാൻ ബ്ലാക്ക് ബെറി ശ്രമം നടത്തിയെങ്കിലും സാങ്കേതികമായ നിരവധി പ്രശ്നങ്ങൾ ആ ഫോണുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പിന്നാലെ ആൻഡ്രോയിഡ് ഫോണുകളും കൂടിയെത്തിയതോടെ ബ്ലാക്ക്ബെറി വിപണിയിൽ പിന്തള്ളപ്പെട്ടു.2016 ൽ കമ്പനി സ്വന്തമായി സ്മാർട്ഫോൺ നിർമിക്കുന്നത് അവസാനിപ്പിക്കുകയും സോഫ്റ്റ് വെയറിൽ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. ബ്ലാക്ക്ബെറി ബ്രാന്റിന്റെ ലൈസൻസ് ടിസിഎൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി ഹോൾഡിങിന് നൽകി. 2020 വരെ ബ്ലാക്ക്ബെറി ബ്രാൻഡിൽ ഫോണുകൾ ഇറക്കിയത് ടിസിഎൽ ആണ്. ആൻഡ്രോയിഡ് ഓഎസിലായിരുന്നു ഈ ഫോണുകൾ പുറത്തിക്കിയിരുന്നത്. ബ്ലാക്ക്ബെറി കീ2 എൽഇ സ്മാർട്ഫോൺ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.ബ്ലാക്ക് ബെറിയുടെ യഥാർത്ഥ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളാണ് പ്രവർത്തനം അവസാനിപ്പിക്കുക.ബ്ലാക്ക്ബെറി ബ്രാൻഡിലുള്ള ആൻഡ്രോയിഡ് ഫോണുകൾക്ക് ഇത് ബാധകമാവില്ല.ബ്ലാക്ക്ബെറി ഫോണുകൾക്കുള്ള സേവനങ്ങളും പിന്തുണയും അവസാനിപ്പിക്കുകയാണെങ്കിലും കമ്പനി അടച്ചുപൂട്ടാൻ പോവുകയല്ല. മറിച്ച് മറ്റ് സ്ഥാപനങ്ങൾക്കും ഭരണകൂടങ്ങൾക്കും വേണ്ടിയുള്ള സോഫ്റ്റ് വെയർ ഡെവലപ്പിങ് രംഗത്ത് ബ്ലാക്ക്ബെറി തുടരും.

Related Articles

Back to top button