Big B
Trending

ഇനി താരാപഥങ്ങളിൽ; എസ് പി ബാലസുബ്രഹ്മണ്യത്തിന് വിട

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം (74)വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.04 നായിരുന്നു അന്ത്യം. ഓഗസ്റ്റ് 5 നാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സെപ്റ്റംബർ ഏഴോടെ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നില്ല.
വൈകിട്ട് നാലുമണിക്ക് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം നാല് 30 ഓടെ പൊതുദർശനത്തിന് വെച്ചു. റെഡ്ഹിൽസിന് സമീപത്തെ താമരെപ്പക്കത്തായിരിക്കും സംസ്കാരം. സംസ്കാര സമയം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗായകൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, നാടൻ എന്നീ നിലകളിലെല്ലാം ലോകമറിയുന്ന വ്യക്തിമുദ്രയാണദ്ദേഹം. 16 ഭാഷകളിൽ 40,000 ത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ലോകത്തെ കേൾപ്പിച്ചിട്ടുള്ളത്. പത്മശ്രീ, പത്മവിഭൂഷൻ എന്നിവ നൽകി രാജ്യം അദ്ദേഹത്തിലെ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. ആറു ദേശീയ പുരസ്കാരങ്ങളും ആന്ധ്രപ്രദേശ് സർക്കാറിന്റെ 25 നന്ദി പുരസ്കാരങ്ങളും ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളുമടക്കം ഏറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1946 ജൂൺ 4 ന് ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് എസ് പി ബി, ബാലു എന്നെല്ലാമറിയപ്പെടുന്ന ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യൻറെ ജനനം. അദ്ദേഹത്തെ ഒരു എൻജിനിയറാക്കാനായിരുന്നു പിതാവിന് ആഗ്രഹം. ചെറുപ്പത്തിലെ സംഗീതത്തോട് അതിയായ അഭിനിവേശം തോന്നി അദ്ദേഹം പാട്ടിൻറെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Back to top button