
സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ബ്ലാക്ക്ബെറി. ഈ വർഷം അവസാനത്തോടെ ബ്ലാക്ക്ബെറിയുടെ പുത്തൻ 5ജി സ്മാർട്ട് ഫോൺ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഓൺവാർഡ് മൊബിലിറ്റി എന്ന പുതിയ കമ്പനിക്ക് കീഴിലാണ് ബ്ലാക്ക്ബെറി ബ്രാൻഡ് പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.

ബ്ലാക്ക് ബെറി ഫോണുകളിൽ എല്ലാവർക്കും പരിചിതമായ ക്യുവെർട്ടി കീബോർഡ് മറ്റ് അത്യാധുനിക ഫീച്ചറുകളും ഉൾപ്പെടുത്തിയാകും പുതിയ ഫോൺ വിപണിയിലെത്തുക. ഈ ഫോണിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഫോക്സ്കോണുമായി ചർച്ചയിലാണ് കമ്പനി. കഴിഞ്ഞവർഷമാണ് ടിസിഎല്ലുമായുള്ള കമ്പനിയുടെ പങ്കാളിത്തം അവസാനിപ്പിച്ചത്. പിന്നീട് ഓൺവാർഡ് മൊബിലിറ്റി എന്ന പുതിയ കമ്പനിയുമായി കരാർ ഒപ്പിടുകയായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം തന്നെ പുതിയ സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. എന്നാൽ പുത്തൻ സ്മാർട്ട് ഫോൺ പുറത്തിറക്കുന്ന തീയതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.