
രാജ്യത്തെ പൗരന്മാർ വിദേശത്ത് സൂക്ഷിച്ചിട്ടുള്ള വെളിപ്പെടുത്താത്ത ആസ്തികളും കള്ളപ്പണവും അന്വേഷിക്കാൻ ആദായനികുതി വകുപ്പിന് കീഴിൽ പ്രത്യേക വിഭാഗമായ എഫ്എഐയു ആരംഭിച്ചു. നികുതിവെട്ടിപ്പ് തടയുന്നതിനുള്ള ഈ സംവിധാനം ആദായനികുതി വകുപ്പിന്റെ 14 ഡയറക്ടറേറ്റുകളിലും ഉണ്ടായിരിക്കും.

ഈ സംവിധാനത്തിനായി നിലവിലുള്ള 69 തസ്തികകൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് കഴിഞ്ഞ നവംബറിൽ തന്നെ മാറ്റിയിരുന്നു. വിവിധ രാജ്യാന്തര കരാറുകളുടെ ഭാഗമായി ഒട്ടേറെ വിദേശ രാജ്യങ്ങളിലെ നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ സർക്കാറിന് യഥാസമയം ലഭിക്കുന്നുണ്ട്. പനാമ രേഖകൾ പോലെ ആഗോളതലത്തിൽ നികുതി വെട്ടിപ്പ് സംബന്ധിച്ച പുറത്തുവന്ന റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ട ഇന്ത്യക്കാരെ കുറിച്ചുള്ള അന്വേഷണവും എഫ്എഐയുവിന്റെ ചുമതലയിലായിരിക്കും. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ നേരിട്ടുള്ള നിരീക്ഷണത്തിനു കീഴിലാവും അന്വേഷണം നടത്തുക.