
രാജ്യാന്തര വിപണിയിൽ ഇപ്പോൾ കാര്യമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിറ്റ്‌കോയിൻ.പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിന്റെ വില ശനിയാഴ്ച 60,000 ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ 43.61 ലക്ഷത്തിനു മുകളിലായിരുന്നു ശനിയാഴ്ച ഇടപാടുകൾ നടന്നത്.

ഒരു ബിറ്റ്കോയിന് 2017 തുടക്കത്തിൽ 60,000 രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് 10 ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്.ബിറ്റ്കോയിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ബിറ്റ്കോയിന്റെ വില 70,000 ഡോളറിനു മുകളിലെത്തുമെന്നും നിരീക്ഷകർ പറയുന്നു. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിനാണ് ഇപ്പോൾ 60,000 ഡോളറിലെത്തിയിരിക്കുന്നത്.